---
title: "'വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്, ജനം അധികൃതരുമായി സഹകരിക്കണം'; ഉടൻ ക്യാമ്പിലേക്ക് മാറണമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്"
english_title: "Pathanamthitta Heavy Rain: Minister PC Vishnunath Urges People to Move to Relief Camps, Moozhiyar Dam May Open"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376261/pathanamthitta-heavy-rain-flood-alert-minister-pc-vishnunath"
published_at: "2026-08-03T07:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ff44607fb9_IMG_3502.jpeg"
keywords: ["Kerala Rain", "PC Vishnunath", "Pathanamthitta Flood", "Heavy Rain"]
---

# 'വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്, ജനം അധികൃതരുമായി സഹകരിക്കണം'; ഉടൻ ക്യാമ്പിലേക്ക് മാറണമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

> **Lead Summary:** പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ അതീവ ഗുരുതര സാഹചര്യമാണ്. ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് ഉടൻ മാറണമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് അഭ്യർത്ഥിച്ചു.

## Article Content

പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ അതീവ ഗുരുതര സാഹചര്യമാണ്. ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് ഉടൻ മാറണമെന്നും മന്ത്രി പി.സി വിഷ്ണുനാഥ് അഭ്യർത്ഥിച്ചു.

> ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആളുകൾ ക്യാമ്പുകളിലേക്ക് ഉടൻ മാറണമെന്നും മന്ത്രി പറഞ്ഞു. "വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്. ഇത് അതീവ ജാഗ്രത വേണ്ട സമയമാണ്. മൂഴിയാർ ഡാം ഏതു സമയവും തുറക്കേണ്ടി വരും" എന്നും മന്ത്രി വ്യക്തമാക്കി.

നിറപുത്തിരി മഹോത്സവത്തിനായി ശബരിമല നട തുറന്നിരിക്കുകയാണെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എല്ലാവരും ഇത് പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത കനത്ത മഴയെ തുടർന്ന് റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. അപ്പർ കുട്ടനാട് മുഴുവനായി വെള്ളത്തിൽ മുങ്ങി. കുറ്റൂർ, പെരിങ്ങര, നെടുംമ്പ്രം, നിരണം, കടപ്ര, തിരുവല്ല നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലും വെള്ളം കയറി.

നൂറുകണക്കിന് വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. നിരവധി കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴഞ്ചേരി അടക്കമുള്ള മേഖലകളിൽ ജനങ്ങൾ മാറി താമസിക്കണമെന്ന് അറിയിക്കുന്നതിനുള്ള അനൗൺസ്മെന്റുകൾ നടത്തുന്നുണ്ട്.

മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനാൽ ഏതു സമയവും ഡാം തുറക്കാനുള്ള സാധ്യതയുണ്ട്. രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്ന് കൂടുതൽ മത്സ്യ ബോട്ടുകൾ പത്തനംതിട്ടയിലേക്ക് എത്തിച്ചിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടം 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. നദീതീരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകൾ ഉടൻ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കലക്ടറും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376261/pathanamthitta-heavy-rain-flood-alert-minister-pc-vishnunath)