---
title: "കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ച്  വയസുകാരന് ദാരുണാന്ത്യം "
english_title: "5-Year-Old Boy Dies in Mysuru After Toy Ball from Kurkure Packet Gets Stuck in Throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376259/mysuru-5-year-old-boy-dies-toy-ball-stuck-throat-kurkure"
published_at: "2026-08-03T07:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6fefc34f657_mysuru-5-year-old-boy-dies-toy-ball-stuck-throat-kurkure.jpg"
keywords: ["Child Death", "Karnataka News", "Child Safety", "Mysuru News"]
---

# കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ച്  വയസുകാരന് ദാരുണാന്ത്യം 

> **Lead Summary:** മൈസൂരു: കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി കർണാടകയിലെ മൈസൂരു ജില്ലയിൽ അഞ്ചുവയസുകാരൻ ദാരുണമായി മരിച്ചു. ഹുൻസൂരിലെ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂർ ആണ് മരണപ്പെട്ടത്.

## Article Content

മൈസൂരു: കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി കർണാടകയിലെ മൈസൂരു ജില്ലയിൽ അഞ്ചുവയസുകാരൻ ദാരുണമായി മരിച്ചു. ഹുൻസൂരിലെ സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ മകൻ മുകുന്ദ് മയൂർ ആണ് മരണപ്പെട്ടത്.

ശനിയാഴ്ച ‘കുർക്കുറെ’ സ്നാക്ക് പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്തുമായി കുട്ടി കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ പന്ത് വായിലിട്ട് വിഴുങ്ങി. പ്ലാസ്റ്റിക് പന്ത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹുൻസൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് മൈസൂരുവിലെ ഹുൻസൂരിൽ തന്നെ സമാനമായ രീതിയിൽ മറ്റൊരു കുഞ്ഞിന്റെ ജീവനും നഷ്ടമായിരുന്നു. മാർച്ച് മാസത്തിൽ ദൊഡ്ഡഹെജ്ജുർ ഗ്രാമത്തിലായിരുന്നു ആ സംഭവം. വീട്ടിൽ പൂജയ്ക്കായി വെച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവിന്റെ കഷണം തൊണ്ടയിൽ കുടുങ്ങിയാണ് ആറര മാസം പ്രായമുള്ള ചിന്മയ് ഗൗഡ എന്ന കുഞ്ഞ് മരിച്ചത്.

ജ്യേഷ്ഠനൊപ്പം കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന ഉണങ്ങിയ പൂവ് കുഞ്ഞ് വായിലിടുകയായിരുന്നു. സഹോദരൻ അത് മാറ്റാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് വിഴുങ്ങി.

ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഉടൻ ഹനഗോഡിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർച്ചയായി രണ്ട് സംഭവങ്ങൾ ഉണ്ടായതോടെ ചെറിയ കളിപ്പാട്ടങ്ങളും വീട്ടിലെ വസ്തുക്കളും കുട്ടികൾക്ക് എത്താത്ത രീതിയിൽ സൂക്ഷിക്കണമെന്ന് മാതാപിതാക്കൾക്ക് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. സ്നാക്ക് പാക്കറ്റുകളോടൊപ്പം ലഭിക്കുന്ന ചെറിയ കളിപ്പാട്ടങ്ങൾ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകരുതെന്നും അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376259/mysuru-5-year-old-boy-dies-toy-ball-stuck-throat-kurkure)