---
title: "പെയ്ത തോരാതെ പെരുമഴ....! ഇന്നും മഴ കനക്കും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, പത്തനംതിട്ടയിൽ അതീവ ജാ​ഗ്രത"
english_title: "Kerala Weather Today: Yellow Alert in All Districts, Heavy Rain and Strong Winds Expected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376257/kerala-weather-yellow-alert-all-districts-moozhiyar-dam-opening"
published_at: "2026-08-03T06:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6fe84a0d565_kerala-weather-yellow-alert-all-districts-moozhiyar-dam-opening.jpg"
keywords: ["Kerala Rain", "Yellow Alert", "IMD", "Heavy Rain Kerala", "Flood Warning"]
---

# പെയ്ത തോരാതെ പെരുമഴ....! ഇന്നും മഴ കനക്കും; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, പത്തനംതിട്ടയിൽ അതീവ ജാ​ഗ്രത

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ വരെ വേഗതയിൽ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥ മോശമായതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി. മഴ ശക്തമായി തുടരുന്നതിനാൽ പമ്പാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്.

റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. കൂടുതൽ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരുകയാണ്.

മൂഴിയാർ ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്ററിലെത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടരുന്ന ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 192.63 മീറ്ററിലെത്തുന്ന മുറയ്ക്ക് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി കക്കാട്ടാറിലേക്ക് വെള്ളം ഒഴുക്കി വിടുമെന്ന് അധികൃതർ അറിയിച്ചു.

ഡാം തുറക്കുന്ന സാഹചര്യത്തിൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു.

നദിയിലിറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കണമെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ പറഞ്ഞു. പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി സൈറൺ മുഴക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376257/kerala-weather-yellow-alert-all-districts-moozhiyar-dam-opening)