---
title: "ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി, സെപ്റ്റിക് ടാങ്കിൽനിന്ന് ഭ്രൂണം കണ്ടെടുത്ത് ഫയർഫോഴ്സ്"
english_title: "Woman Allegedly Flushes 6-Month Fetus in SAT Hospital Toilet, Arrested in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376256/sat-hospital-trivandrum-woman-flushes-fetus-arrested"
published_at: "2026-08-03T06:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6fe2d3d46a3_sat-hospital-trivandrum-woman-flushes-fetus-arrested.jpg"
keywords: ["Fetus Found", "Crime News", "Woman Arrested", "SAT Hospital", "Thiruvananthapuram News"]
---

# ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് എത്തി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി, സെപ്റ്റിക് ടാങ്കിൽനിന്ന് ഭ്രൂണം കണ്ടെടുത്ത് ഫയർഫോഴ്സ്

> **Lead Summary:** തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ശുചിമുറിയിൽ ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ യുവതി ഉപേക്ഷിച്ച സംഭവത്തിൽ വൻ ഞെട്ടൽ. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ലം സ്വദേശിയായ 20-കാരിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

## Article Content

തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ ശുചിമുറിയിൽ ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ യുവതി ഉപേക്ഷിച്ച സംഭവത്തിൽ വൻ ഞെട്ടൽ. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തിരുവല്ലം സ്വദേശിയായ 20-കാരിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

യുവതി നേരത്തെ ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ച ശേഷമാണ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിൽ വച്ച് പെട്ടെന്ന് രക്തസ്രാവം തുടങ്ങിയതോടെ യുവതി ശുചിമുറിയിലേക്ക് പോയി.

അവിടെ വച്ച് ആറുമാസം വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചു. പിന്നാലെ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച ശേഷം ഫ്ളഷ് ചെയ്യുകയായിരുന്നു.

ശുചിമുറിയിൽ നിന്ന് പുറത്തേക്ക് വന്ന യുവതിയുടെ വസ്ത്രങ്ങളിൽ രക്തക്കറ കണ്ടതോടെ ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നി. ജീവനക്കാർ കാര്യം തിരക്കിയപ്പോഴാണ് യുവതി സംഭവം സമ്മതിച്ചത്. ഉടൻ തന്നെ ആശുപത്രി അധികൃതർ വിവരം തിരുവനന്തപുരം പൊലീസിനെ അറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സ് സംഘവും ചേർന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന നടത്തി. ഇതിനിടെ ആറുമാസം വളർച്ചയെത്തിയ ഭ്രൂണം ടാങ്കിൽ നിന്ന് കണ്ടെടുത്തു. തുടർ നടപടികൾക്കായി ഭ്രൂണം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യുവതി അവിവാഹിതയാണെന്നാണ് പ്രാഥമിക വിവരം. എന്തുകൊണ്ടാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് പോയതെന്നും ആരുടെ സഹായത്തോടെയാണ് മരുന്ന് കഴിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഗർഭം അലസിപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. സംഭവം ആശുപത്രിയിലും നാട്ടിലും വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376256/sat-hospital-trivandrum-woman-flushes-fetus-arrested)