---
title: "ജാഗ്രത ...! 'രാത്രിയിൽ മിന്നൽ പ്രളയത്തിന് സാധ്യത, പത്തനംതിട്ടയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കും’; മന്ത്രി പി സി വിഷ്ണുനാഥ്"
english_title: "Pathanamthitta Flash Flood Warning Pampa River Extreme Flood Alert PC Vishnunath"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376240/pathanamthitta-flash-flood-warning-pampa-river"
published_at: "2026-08-02T20:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f5dd265b4b_pathanamthitta-flash-flood-warning-pampa-river.jpg"
keywords: ["Kerala Rain", "Pathanamthitta", "Pampa", "Flood Alert"]
---

# ജാഗ്രത ...! 'രാത്രിയിൽ മിന്നൽ പ്രളയത്തിന് സാധ്യത, പത്തനംതിട്ടയിലെ ജനങ്ങളെ മാറ്റിപാർപ്പിക്കും’; മന്ത്രി പി സി വിഷ്ണുനാഥ്

> **Lead Summary:** **പത്തനംതിട്ട: ** പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് മുന്നറിയിപ്പ് നൽകി. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

## Article Content

**പത്തനംതിട്ട: ** പത്തനംതിട്ട ജില്ലയിൽ ഇന്ന് രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് മുന്നറിയിപ്പ് നൽകി. പ്രളയ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കത്തിനുള്ള സാധ്യതയാണ് നിലവിൽ ഉള്ളതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ഇരകൾക്ക് നൽകാനുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭാ യോഗം പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രളയ സാഹചര്യം കഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

> പത്തനംതിട്ടയിൽ "സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം" ആണെന്ന സിപിഐ എം ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു. മൂഴിയാർ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യമായിരുന്നുവെന്നും അതിന് റൂൾ കർവ് ബാധകമല്ലെന്നും മന്ത്രി വിശദീകരിച്ചു. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തിയെന്ന സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ ആരോപണം സങ്കടപ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മണിയാർ ഡാമിന് അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ല. കഴിഞ്ഞ രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണ്. ഇത് മുൻ സർക്കാരിന്റെ വീഴ്ചയാണെന്നും അടിയന്തരമായി പണികൾ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ നിരവധി വീടുകളും റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആകാശം തെളിഞ്ഞെങ്കിലും ആറന്മുളയിൽ ആശങ്ക ഒഴിയുന്നില്ല. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള ഒട്ടുമിക്ക വീടുകളും വെള്ളത്തിൽ തന്നെയാണ്. റോഡുകളിൽ കയറിയ വെള്ളം മെല്ലെ ഇറങ്ങുന്നുണ്ട്.

പത്തനംതിട്ട ജില്ലയിൽ ഇന്നലെ മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ഇടപെടൽ കെഎസ്ഇബി തുടങ്ങി.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമലയിലേക്ക് ഭക്തരെ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ കടത്തിവിടൂ. ഉൾവനത്തിൽ മഴ പെയ്യുന്നില്ലെങ്കിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ശബരിമലയിലേക്ക് വരുന്ന ഭക്തരെ നിലയ്ക്കലിൽ തടയും. കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് പൊലീസും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376240/pathanamthitta-flash-flood-warning-pampa-river)