---
title: "നാളെ കിടന്നുറങ്ങാം...! കനത്ത മഴ; പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തിങ്കളാഴ്ച അവധി"
english_title: "Pathanamthitta Schools Colleges Closed On Monday Due To Heavy Rain And Flood"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376223/pathanamthitta-schools-colleges-holiday-monday-heavy-rain-"
published_at: "2026-08-02T17:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f3018d5e44_pathanamthitta-schools-colleges-holiday-monday-heavy-rain-.jpg"
keywords: ["Pathanamthitta", "Kerala Rain", "Flood", "School Holiday", "Educational Institutions", "Kerala Weather"]
---

# നാളെ കിടന്നുറങ്ങാം...! കനത്ത മഴ; പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തിങ്കളാഴ്ച അവധി

> **Lead Summary:** **പത്തനംതിട്ട: ** പത്തനംതിട്ട ജില്ലയിൽ കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

## Article Content

**പത്തനംതിട്ട: ** പത്തനംതിട്ട ജില്ലയിൽ കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മഴ കനക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെയും സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376223/pathanamthitta-schools-colleges-holiday-monday-heavy-rain-)