---
title: "സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രണ്ട് ഡാമുകളിൽ കൂടി റെഡ് അലേർട്ട്, കക്കയം ഡാമും തുറന്നേക്കും"
english_title: "Kerala Dams Red Alert: Neyyar And Malankara Under Red Alert, Kakayam Shutters Likely To Open"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376197/kerala-dams-red-alert-neyyar-malankara-kakayam-shutter-"
published_at: "2026-08-02T15:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f138fb029d_kerala-dams-red-alert-neyyar-malankara-kakayam-shutter.jpg"
keywords: ["Kerala Dams", "Red Alert", "Neyyar Dam", "Malankara Dam", "Kakayam Dam", "Kerala Rain", "Flood Warning"]
---

# സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രണ്ട് ഡാമുകളിൽ കൂടി റെഡ് അലേർട്ട്, കക്കയം ഡാമും തുറന്നേക്കും

> **Lead Summary:** ** **സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് പ്രധാന ഡാമുകളിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിലും ഇടുക്കി ജില്ലയിലെ മലങ്കര ഡാമിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

** **സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് പ്രധാന ഡാമുകളിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിലും ഇടുക്കി ജില്ലയിലെ മലങ്കര ഡാമിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ഡാമുകളുടെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കനത്ത ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, റെഡ് അലേർട്ട് പ്രഖ്യാപിച്ച ഡാമുകളുടെ സമീപത്തുള്ള വീടുകളിൽ കഴിയുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടയിൽ കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഏതുസമയത്തും തുറക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. പ്രദേശത്ത് നീരൊഴുക്ക് തുടരുന്നതിനാൽ ഡാം അതിന്റെ പൂർണ്ണ സംഭരണശേഷിയിലേക്ക് എത്താൻ ഇനി അധികസമയം വേണ്ടിവരില്ല.

ഈ സാഹചര്യത്തിൽ അടിയന്തരമായി ഡാമിന്റെ ഷട്ടറുകൾ തുറക്കാനാണ് സാധ്യത. കുറ്റ്യാടിപ്പുഴയുടെയും മറ്റ് പുഴകളുടെയും ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടസാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി പുഴകളിൽ ഇറങ്ങുന്നതിന് പൂർണ്ണമായ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം കാപ്പാട് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണു രണ്ടു വയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. മഴയെത്തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് രൂപപ്പെട്ട ചെറിയ കുഴിയിലെ വെള്ളക്കെട്ടിലാണ് കുട്ടി അബദ്ധത്തിൽ വീണത്.

അപകടം നടന്ന സമയത്ത് രക്ഷിതാക്കളും മറ്റ് വീട്ടുകാരും വീടിനുള്ളിലായിരുന്നു. കുട്ടി വെള്ളത്തിൽ വീണത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുറച്ചു സമയത്തിന് ശേഷമാണ് കുട്ടിയെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തുന്നത്.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്തു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376197/kerala-dams-red-alert-neyyar-malankara-kakayam-shutter-)