---
title: " കുറ്റ്യാടി പുഴയുടെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കുക; തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു "
english_title: "Kerala Rain Alert: Orange Alert In 8 Districts, Red Alert In 4 Dams"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376180/kerala-rain-orange-alert-8-districts-4-dams-red-alert"
published_at: "2026-08-02T14:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f02b86dbc7_kerala-rain-orange-alert-8-districts-4-dams-red-alert.jpg"
keywords: ["Kerala Rain", "Orange Alert", "Yellow Alert", "Red Alert", "KSEB", "Kerala Weather"]
---

#  കുറ്റ്യാടി പുഴയുടെ തീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കുക; തിരുവനന്തപുരം കൊല്ലം ജില്ലകളിൽ യെല്ലോ, 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു 

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മഴ കനക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പുകളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ മഴ കനക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ പത്ത് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജലസംഭരണികളിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ നാല് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത് എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. കൂടാതെ കക്കയം, കുറ്റ്യാടി ഡാമുകളിൽ ഓറഞ്ച് അലർട്ടും മൂഴിയാർ ഡാമിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഡാമിന്റെ സുരക്ഷ മുൻനിർത്തി ഷട്ടറുകൾ തുറക്കേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ള ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376180/kerala-rain-orange-alert-8-districts-4-dams-red-alert)