---
title: "കർക്കടക സ്പെഷ്യൽ പത്തിലത്തോരൻ; ആയുസ്സ കൂട്ടാനും രോഗങ്ങളെ തുരത്താനും കർക്കടകത്തിലെ സൂപ്പർ ഫുഡ്"
english_title: "Pathilakootu Benefits Recipe Karkidakam Ayurvedic Leaf Dish"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376177/karkidakam-pathilakootu-benefits-recipe"
published_at: "2026-08-02T13:56:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eff8d7517b_karkidakam-pathilakootu-benefits-recipe.jpg"
keywords: ["Karkidakam", "Pathilakootu", "Ayurveda", "Kerala Food"]
---

# കർക്കടക സ്പെഷ്യൽ പത്തിലത്തോരൻ; ആയുസ്സ കൂട്ടാനും രോഗങ്ങളെ തുരത്താനും കർക്കടകത്തിലെ സൂപ്പർ ഫുഡ്

> **Lead Summary:** ** ക**ർക്കടകമാസത്തിൽ പ്രകൃതി പുനർജനിക്കുമ്പോൾ, ശരീരത്തിന് നഷ്ടപ്പെട്ട ഉന്മേഷവും രോഗപ്രതിരോധശേഷിയും വീണ്ടെടുക്കാൻ പഴമക്കാർ പകർന്നുനൽകിയ പ്രധാന ഔഷധവിഭവമാണ് 'പത്തിലക്കൂട്ട്' അഥവാ പത്തിലത്തോരൻ. മഴക്കാലത്ത് ചെടികളിലെ പോഷകഗുണം വർധിക്കുമെന്നതിനാലാണ് ഈ സമയത്ത് ഇലക്കറികൾക്ക് മുൻഗണന നൽകുന്നത്.

## Article Content

** ക**ർക്കടകമാസത്തിൽ പ്രകൃതി പുനർജനിക്കുമ്പോൾ, ശരീരത്തിന് നഷ്ടപ്പെട്ട ഉന്മേഷവും രോഗപ്രതിരോധശേഷിയും വീണ്ടെടുക്കാൻ പഴമക്കാർ പകർന്നുനൽകിയ പ്രധാന ഔഷധവിഭവമാണ് 'പത്തിലക്കൂട്ട്' അഥവാ പത്തിലത്തോരൻ. മഴക്കാലത്ത് ചെടികളിലെ പോഷകഗുണം വർധിക്കുമെന്നതിനാലാണ് ഈ സമയത്ത് ഇലക്കറികൾക്ക് മുൻഗണന നൽകുന്നത്.

സാധാരണയായി കുമ്പളം, മത്തൻ, വെള്ളരി, താള്, തകര, ചേമ്പ്, ചീര, തഴുതാമ, ചേന, കീഴാർനെല്ലി എന്നീ പത്തിനം തളിരിലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രാദേശികമായി മുക്കുറ്റി, കൊടിത്തൂവ, കൂവളം, പയറില തുടങ്ങിയവയും ഇതിൽ ഉൾപ്പെടുത്താറുണ്ട്. (ശ്രദ്ധിക്കുക: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മാറ്റങ്ങൾ കാരണം കർക്കടകത്തിൽ മുരിങ്ങയില സാധാരണയായി ഒഴിവാക്കാറാണ് പതിവ്).

**പത്തിലകളുടെ പ്രധാന ഔഷധഗുണങ്ങൾ:**

കുമ്പളത്തില: ശരീരത്തിലെ അമിത മേദസ്സ് കുറയ്ക്കുന്നു, ബുദ്ധിശക്തി കൂട്ടാനും വൃക്ക, ശ്വാസകോശ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും മികച്ചത്.

മത്തനില: വൈറ്റമിൻ എ, സി എന്നിവയാൽ സമൃദ്ധം. ഇൻസുലിൻ ക്രമീകരിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും ചർമാരോഗ്യത്തിനും ഗുണകരം.

വെള്ളരിയില: കഫം, പിത്തം, മൂത്രതടസ്സം എന്നിവ അകറ്റി ശരീരം തണുപ്പിക്കുന്നു.

താളില: ദഹനം സുഗമമാക്കുന്നു; ധാരാളം കാൽസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്.

തഴുതാമ: വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ നീര്, ചുമ എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഉത്തമം.

ചേനയില: നാരുകളും കാൽസ്യവും സമൃദ്ധമായി അടങ്ങിയ ഇത് പ്രമേഹരോഗികൾക്ക് മികച്ച ആഹാരമാണ്.

കീഴാർനെല്ലി: കരൾ രോഗങ്ങൾ തടയുന്നതിനും ദഹനക്കുറവ്, വയറുവേദന എന്നിവ ശമിപ്പിക്കുന്നതിനും ഒന്നാന്തരം ഔഷധം.

ആഴ്ചയിൽ ഒരിക്കലെങ്കിലും ഇലക്കറികൾ കഴിക്കുന്നത് മലബന്ധം അകറ്റാനും കാഴ്ചശക്തി കൂട്ടാനും ചർമം മൃദുവാക്കാനും സഹായിക്കും.

**തയ്യാറാക്കുന്ന വിധം:**

ഇലകൾ നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, അല്പം മഞ്ഞൾപ്പൊടി എന്നിവ വഴറ്റുക. അതിലേക്ക് അരിഞ്ഞു വെച്ച ഇലകളും പാകത്തിന് ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ ചിരകിയ തേങ്ങ ചേർത്തിളക്കി വാങ്ങാം. രുചിയും ദഹനവും കൂട്ടാൻ അല്പം ജീരകപ്പൊടിയോ കുരുമുളകുപൊടിയോ തൂവക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376177/karkidakam-pathilakootu-benefits-recipe)