---
title: "'ജേഴ്സി നിറം മാറ്റുന്നതില്‍ അസ്വാഭാവികതയില്ല, ലോകകപ്പില്‍ ശ്രദ്ധിക്കൂ'; ഹോക്കി ടീമിന് നിര്‍ദേശവുമായി ശ്രീജേഷ്"
english_title: "PR Sreejesh India Hockey Team Focus World Cup Medal Jersey Controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376176/pr-sreejesh-india-hockey-team-world-cup-medal-jersey-controversy"
published_at: "2026-08-02T13:56:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f050b76a87_pr-sreejesh-india-hockey-team-world-cup-medal-jersey-controversy.jpg"
keywords: ["PR Sreejesh", "Indian Hockey", "Hockey World Cup", "Team India", "Jersey Controversy", "Olympics"]
---

# 'ജേഴ്സി നിറം മാറ്റുന്നതില്‍ അസ്വാഭാവികതയില്ല, ലോകകപ്പില്‍ ശ്രദ്ധിക്കൂ'; ഹോക്കി ടീമിന് നിര്‍ദേശവുമായി ശ്രീജേഷ്

> **Lead Summary:** ന്യൂഡൽഹി: **[** അനാവശ്യ വിവാദങ്ങൾ മാറ്റിവെച്ച് ലോകകപ്പിലെ ഇന്ത്യയുടെ 50 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ ഹോക്കി ടീമിനോട് ഇതിഹാസ താരം പി.ആർ. ശ്രീജേഷ്. ജേഴ്സി നിറത്തെക്കുറിച്ചുള്ള ചർച്ചകളും മൈതാനത്തിന് പുറത്തെ കോലാഹലങ്ങളും അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പർ ആവശ്യപ്പെട്ടു.

## Article Content

ന്യൂഡൽഹി: **[** അനാവശ്യ വിവാദങ്ങൾ മാറ്റിവെച്ച് ലോകകപ്പിലെ ഇന്ത്യയുടെ 50 വർഷത്തെ മെഡൽ വരൾച്ച അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ ഹോക്കി ടീമിനോട് ഇതിഹാസ താരം പി.ആർ. ശ്രീജേഷ്. ജേഴ്സി നിറത്തെക്കുറിച്ചുള്ള ചർച്ചകളും മൈതാനത്തിന് പുറത്തെ കോലാഹലങ്ങളും അവസാനിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ഗോൾകീപ്പർ ആവശ്യപ്പെട്ടു.

2014, 2018 ലോകകപ്പുകളിൽ ഇന്ത്യ വ്യത്യസ്ത നിറത്തിലുള്ള ജേഴ്സികൾ ധരിച്ചിട്ടുണ്ടെന്നും ഇതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഒളിമ്പിക്സ് ഇരട്ട വെങ്കല മെഡൽ ജേതാവായ ശ്രീജേഷ് വ്യക്തമാക്കി. ശ്രദ്ധ മുഴുവൻ മത്സരത്തിലും മെഡൽ നേട്ടത്തിലും മാത്രമായിരിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നീല ജേഴ്സികള്‍ നീല ടര്‍ഫില്‍ കാഴ്ചാസുഖം കുറയ്ക്കുന്നു എന്ന വാദത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടെങ്കിലും, താരങ്ങള്‍ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ അവിടെകൊണ്ട് ആ ചര്‍ച്ച അവസാനിക്കണമെന്നും ശ്രീജേഷ് പറഞ്ഞു.

''സത്യം പറഞ്ഞാല്‍, എന്താണ് പ്രശ്നമെന്ന് എനിക്ക് മനസിലാവുന്നില്ല. കാരണം 2014, 2018 ലോകകപ്പുകളിലും ജേഴ്സി നിറം മാറിയിരുന്നു. ഞങ്ങളുടെ ഒരു ട്രെയിനിംഗ് കിറ്റ് പോലും ഓറഞ്ച് നിറത്തിലുള്ളതായിരുന്നു. എന്തുകൊണ്ടാണ് ഈ ലോകകപ്പിന് മുമ്പ് ഇത്രയധികം ചര്‍ച്ചകള്‍ നടക്കുന്നത്? അത് കാവി നിറം ആയതുകൊണ്ടാണോ അതോ നിറം മാറിയതുകൊണ്ടു മാത്രമാണോ?'' ശ്രീജേഷ് ചോദിച്ചു.

ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ തങ്ങളുടെ പരമ്പരാഗത നീല നിറത്തിന് പകരം കാവി ജേഴ്‌സിയാണ് പ്രൈമറി കിറ്റായി ധരിക്കുക. വീരേന്‍ റസ്‌ക്വിന്യ, ധന്‍രാജ് പിള്ള, അജിത് പാല്‍ സിംഗ്, വാസുദേവന്‍ ഭാസ്‌കരന്‍, പര്‍ഗത് സിംഗ് തുടങ്ങിയ മുന്‍ ക്യാപ്റ്റന്മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ജേഴ്സി നിറം മാറ്റുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും, എന്നാല്‍ നീല ടര്‍ഫില്‍ കാഴ്ചാസുഖം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന കാരണം വിചിത്രമാണെന്നും ശ്രീജേഷ് പറഞ്ഞു.

''നിറം മാറ്റമാണ് പ്രശ്‌നമെങ്കില്‍, 2014ലും 2018ലും മഞ്ഞയും ഇളം നീലയും ജേഴ്‌സി ധരിച്ചപ്പോഴും അതുണ്ടാകേണ്ടിയിരുന്നു. കളിക്കിടെ കാഴ്ചാസുഖം ലഭിക്കുന്നില്ല എന്ന കാരണം കൊണ്ടാണ് നിറം മാറ്റുന്നതെങ്കില്‍, ഇനി ഒരിക്കലും നീല ജേഴ്‌സി ധരിക്കാന്‍ പാടില്ല.

'' അദ്ദേഹം വ്യക്തമാക്കി. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സ് മുതല്‍ നീല ടര്‍ഫുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ജേഴ്സി നിറം രണ്ട് തവണ മാത്രമാണ് മാറിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ടോക്യോ, പാരിസ് ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ടൂര്‍ണമെന്റുകളിലും ഇന്ത്യ നീല ജേഴ്‌സിയിലാണ് കളിച്ചിട്ടുള്ളത്.

മാധ്യമങ്ങളില്‍ കണ്ടതുപോലെയെല്ലാം കളിക്കാരുടെ സമ്മതത്തോടെയാണ് ജേഴ്‌സി മാറ്റം വരുത്തിയിട്ടുള്ളതെങ്കില്‍ പിന്നെ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്ന് ശ്രീജേഷ് പറഞ്ഞു. ''കളിക്കാര്‍ ഈ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെങ്കില്‍, വിഷയം അവിടെ അവസാനിക്കുന്നു. കാരണം കളിക്കളത്തില്‍ പ്രകടനം നടത്തേണ്ടത് കളിക്കാര്‍ തന്നെയാണ്.'

' ജേഴ്‌സി വിവാദത്തിന് രാഷ്ട്രീയ നിറം നല്‍കുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ''രാഷ്ട്രീയത്തെ കായികരംഗത്തുനിന്ന് മാറ്റിനിര്‍ത്തണമെന്നാണ് എനിക്ക് പറയാനുള്ളതാണ്. കളിക്കാര്‍ക്കാണ് മുന്‍ഗണന. അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ പുറത്തുള്ളവര്‍ക്കും പ്രശ്‌നം ഉണ്ടാകേണ്ടതില്ല.'' ശ്രീജേഷ് പറഞ്ഞു.

ഈ ചര്‍ച്ചകള്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ശ്രീജേഷ് പ്രത്യാശ പ്രകടിപ്പിച്ചു. ''പുറത്തുള്ള ഇത്തരം ശബ്ദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ടീം എപ്പോഴും ശ്രമിക്കുന്നത്. കളിക്കാര്‍ക്ക് കാര്യങ്ങള്‍ അറിയാം, എങ്കിലും ഇപ്പോഴും സമയമുണ്ട്. ടീം ഇപ്പോള്‍ യൂറോപ്പിലാണ്, അവര്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിനിര്‍ത്തി ടൂര്‍ണമെന്റില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം.'' ശ്രീജേഷ് നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376176/pr-sreejesh-india-hockey-team-world-cup-medal-jersey-controversy)