---
title: "യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് തൂങ്ങിയ നിലയിൽ കിടക്കുന്നത് കണ്ട ഏഴുവയസ്സുകാരൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായി നാട്ടുകാർ"
english_title: "Denso Employee Found Dead In Gurugram; Wife Detained After Family Alleges Murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376165/gurugram-denso-employee-dead-wife-detained-sanjeev-yadav"
published_at: "2026-08-02T13:33:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6efb328d768_gurugram-denso-employee-dead-wife-detained-sanjeev-yadav.jpg"
keywords: ["Gurugram", "Haryana", "Sanjeev Yadav", "Denso", "Suicide", "Murder Allegation", "Domestic Dispute"]
---

# യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പിതാവ് തൂങ്ങിയ നിലയിൽ കിടക്കുന്നത് കണ്ട ഏഴുവയസ്സുകാരൻ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായി നാട്ടുകാർ

> **Lead Summary:** **ഹരിയാന: **ഗുരുഗ്രാമിലെ സൂറത്ത് നഗറിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡെൻസോ കമ്പനിയിൽ അസോസിയേറ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സഞ്ജീവ് യാദവ് ആണ് മരിച്ചത്. പിതാവ് തൂങ്ങിയ നിലയിൽ കിടക്കുന്നത് കണ്ട ഏഴ് വയസ്സുള്ള മകൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ഭാര്യ സഹായം ആവശ്യപ്പെട്ട് നിലവിളിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

## Article Content

**ഹരിയാന: **ഗുരുഗ്രാമിലെ സൂറത്ത് നഗറിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡെൻസോ കമ്പനിയിൽ അസോസിയേറ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന സഞ്ജീവ് യാദവ് ആണ് മരിച്ചത്. പിതാവ് തൂങ്ങിയ നിലയിൽ കിടക്കുന്നത് കണ്ട ഏഴ് വയസ്സുള്ള മകൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ഭാര്യ സഹായം ആവശ്യപ്പെട്ട് നിലവിളിക്കുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

അമൃത്സർ സ്വദേശിയായ ഇദ്ദേഹം ഗുരുഗ്രാമിലെ സൂറത്ത് നഗറിൽ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. വ്യാഴാഴ്ചയാണ് സഞ്ജീവിന്റെ മൃതദേഹം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിൽ ഭാര്യ മൻപ്രീത് കൗറും ഏഴ് വയസ്സുള്ള മകനും മാത്രമാണ് ഉണ്ടായിരുന്നത്.

സഞ്ജീവ് ആത്മഹത്യ ചെയ്ത വിവരം മൻപ്രീത് ഉടൻ തന്നെ കുടുംബത്തെയും സഞ്ജീവിന്റെ മാതാപിതാക്കളെയും അറിയിച്ചതായി പൊലീസ് പറഞ്ഞു. സഞ്ജീവിനും ഭാര്യ മൻപ്രീത് കൗറിനുമിടയിൽ കുറച്ചുകാലമായി തർക്കം നിലനിന്നിരുന്നതായി സഞ്ജീവിന്റെ പിതാവ് പറഞ്ഞു. മകനെ കൊലപ്പെടുത്താൻ മരുമകൾ മറ്റുള്ളവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

സഹോദരന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് സഞ്ജീവിന്റെ സഹോദരി ആവശ്യപ്പെട്ടു. സഹോദരൻ ആത്മഹത്യ ചെയ്തതല്ലെന്നാണ് തന്റെ വിശ്വാസമെന്നും അവർ പറഞ്ഞു. ഫാനിൽ തൂങ്ങിയ നിലയിൽ കാണുന്ന വിഡിയോ സംശയാസ്പദമാണെന്നും, സഹോദരന്റെ ഭാരം 100 കിലോഗ്രാമിലധികമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിചേർത്തു.

കുടുംബത്തിന്റെ പരാതിയിൽ പൊലീസ് ഭാര്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രണയത്തിലായിരുന്ന അംബാല സ്വദേശിനിയായ മൻപ്രീത് കൗറും സഞ്ജീവ് യാദവും 2018 ഏപ്രിൽ 29 നാണ് വിവാഹിതരായത്. എട്ട് വർഷം മുമ്പ് ഗുരുഗ്രാമിലെ ഡെൻസോ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെട്ടത്.

പിന്നീട് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന് ശേഷം ഗുരുഗ്രാമിൽ തന്നെയാണ് സഞ്ജീവ് താമസിച്ചിരുന്നത്. 2019 ൽ മൻപ്രീത് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്ന് ജോലി ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376165/gurugram-denso-employee-dead-wife-detained-sanjeev-yadav)