---
title: "അയ്യോ അതാ പോകുന്നു.. മരണം മുന്നിൽക്കണ്ട നിമിഷം! കോഴിക്കോട് കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി"
english_title: "Auto Rickshaw Swept Away In Kozhikode; Driver Escapes By Clinging To Tree"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376150/kozhikode-auto-rickshaw-swept-away-driver-escapes-kaniyath-"
published_at: "2026-08-02T12:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eede5df51c_kozhikode-auto-rickshaw-swept-away-driver-escapes-kaniyath.jpg"
keywords: ["Kozhikode", "Auto Accident", "Kerala Rain", "Kaniyath", "Flood", "Joshi", "Kerala Weather"]
---

# അയ്യോ അതാ പോകുന്നു.. മരണം മുന്നിൽക്കണ്ട നിമിഷം! കോഴിക്കോട് കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി

> **Lead Summary:** **കോഴിക്കോട്: **കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഇന്ന് പുലർച്ചെയാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാമ്പുഴയിൽ നിന്ന് വരുന്ന തോട്ടിൽ ജലനിരപ്പും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയതുമാണ് അപകടത്തിന് കാരണമായത്.

## Article Content

**കോഴിക്കോട്: **കുറ്റിക്കാട്ടൂർ കണിയാത്ത് പാലത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ വെള്ളത്തിൽ ഒഴുകിപ്പോയി. ഇന്ന് പുലർച്ചെയാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാമ്പുഴയിൽ നിന്ന് വരുന്ന തോട്ടിൽ ജലനിരപ്പും ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തോടിന് കൈവരി ഇല്ലാത്തതും റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയതുമാണ് അപകടത്തിന് കാരണമായത്.

കോൺക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചിരുന്ന കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. വെള്ളത്തിലേക്ക് വീണ ഡ്രൈവർ സമീപത്തെ മാവിൻകൊമ്പിൽ പിടിച്ച് രക്ഷപ്പെടുകയായിരുന്നു.

അദ്ദേഹത്തിന് സാരമായ പരിക്കുകൾ ഒന്നുമില്ല. സംഭവസമയത്ത് ഓട്ടോയിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. മുങ്ങിപ്പോയ ഓട്ടോറിക്ഷ രാവിലെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് വെള്ളത്തിൽ നിന്ന് ഉയർത്തിയത്. ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നെങ്കിലും ആളപായം ഇല്ലാത്തതിനാൽ അവർ സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ ഏത് സമയത്തും തുറക്കേണ്ടി വരാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.ഡാമിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് പരിധി കടന്നതാണ് മുന്നറിയിപ്പിന് കാരണം.

ജലനിരപ്പ് ഉയരുന്നു

നിലവിൽ കക്കയം ഡാമിലെ ജലനിരപ്പ് 756.64 മീറ്ററിലെത്തി. ഓറഞ്ച് അലർട്ട് പരിധിയായ 756.50 മീറ്ററിനേക്കാൾ ഉയർന്ന നിലയാണിത്. ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആവശ്യമെങ്കിൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിനായി ഷട്ടറുകൾ തുറക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളായി ജില്ലയിൽ തുടരുന്ന കനത്ത മഴയെ തുടർന്നാണ് ഡാമിലേക്ക് വെള്ളം കൂടിയത്.

പുഴയോരങ്ങളിൽ ജാഗ്രത

ഷട്ടറുകൾ തുറക്കുന്ന സാഹചര്യം ഉണ്ടായാൽ പുഴകളിലും തോടുകളിലും ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ജില്ലാ ഭരണകൂടം, പൊലീസ്, ഫയർഫോഴ്സ്, കെഎസ്ഇബി എന്നിവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ഔദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376150/kozhikode-auto-rickshaw-swept-away-driver-escapes-kaniyath-)