---
title: "സുഹൃത്തുക്കളുടെ 'ബിസിനസ്' പൂട്ടിച്ചു...! വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ കച്ചവടം; യുവാവും യുവതിയും ഡാൻസാഫ് പിടിയിൽ"
english_title: "2 Arrested In Kallambalam For Selling MDMA From Rented House"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376142/kallambalam-mdma-arrest-rented-house-danceaf-raid-"
published_at: "2026-08-02T12:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee89f2c768_kallambalam-mdma-arrest-rented-house-danceaf-raid.jpg"
keywords: ["Kallambalam", "MDMA", "Drug Arrest", "DAnSAF", "Kerala Police", "Narcotics", "Thiruvananthapuram"]
---

# സുഹൃത്തുക്കളുടെ 'ബിസിനസ്' പൂട്ടിച്ചു...! വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ കച്ചവടം; യുവാവും യുവതിയും ഡാൻസാഫ് പിടിയിൽ

> **Lead Summary:** **കല്ലമ്പലം: (തിരുവനന്തപുരം) : **വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ കച്ചവടം നടത്തിവന്ന യുവാവിനെയും യുവതിയേയും ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. നാവായ്ക്കുളം മരുതിക്കുന്ന് ഷൈല മൻസിലിൽ മുഹമ്മദ് ഷാൻ , ചെങ്ങന്നൂർ കൊല്ലക്കടവ് തനീസ് മൻസിലിൽ തസ്ലീന എന്നിവരാണ് പിടിയിലായത്.

## Article Content

**കല്ലമ്പലം: (തിരുവനന്തപുരം) : **വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ കച്ചവടം നടത്തിവന്ന യുവാവിനെയും യുവതിയേയും ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. നാവായ്ക്കുളം മരുതിക്കുന്ന് ഷൈല മൻസിലിൽ മുഹമ്മദ് ഷാൻ , ചെങ്ങന്നൂർ കൊല്ലക്കടവ് തനീസ് മൻസിലിൽ തസ്ലീന എന്നിവരാണ് പിടിയിലായത്.

മണമ്പൂർ നീറുവിളയിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ലഹരിവിൽപ്പന. ജില്ലാ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. മയക്കുമരുന്ന് കച്ചവടത്തിന് മാത്രമായാണ് ഇവർ ഈ വീട് വാടകയ്ക്ക് എടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളെ പിടികൂടിയ സംഘത്തിൽ ഡാൻസാഫ് എസ്.ഐമാരായ മനു, ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒമാരായ ഉമറുൽ ഫാറൂഖ്, വിനേഷ്, സുജിൽ, സുനിൽ രാജ് എന്നിവർ ഉണ്ടായിരുന്നു. അതേസമയം ലഹരിമാഫിയയുടെ വേരറുക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഓപറേഷൻ തൂഫാൻ’ രണ്ട് മാസം പിന്നിടുന്നു.

ഇതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ രണ്ട് മാസത്തിനിടെ 8908 പേർ പിടിയിലാവുകയും 8278 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ശനിയാഴ്ച മാത്രം 20 കേസുകളിലായി 25 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതുവരെ 6691.126 ഗ്രാം എം.ഡി.എം.എ, 784.244 കിലോ കഞ്ചാവ്, 296.657 ഗ്രാം ഹെറോയിൻ, 4698.749 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുത്തത്.

ലഹരി വിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കു നേരിട്ടും (9497979794, 9497927797) വാട്സാപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിൽ ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376142/kallambalam-mdma-arrest-rented-house-danceaf-raid-)