---
title: "ജില്ലയിൽ ജാഗ്രതൈ! പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുത്; കാസർഗോഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു"
english_title: "Kasaragod Red Alert Rain Tourism Centers Closed Quarry Banned"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376141/kasaragod-red-alert-tourism-closed"
published_at: "2026-08-02T12:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee7384b49e_kasaragod-red-alert-tourism-closed.jpg"
keywords: ["Kerala Rain", "Kasaragod", "Red Alert", "Ranipuram", "Tourism Centers Closed"]
---

# ജില്ലയിൽ ജാഗ്രതൈ! പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുത്; കാസർഗോഡ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

> **Lead Summary:** കാസർഗോഡ്**: ** കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സുരക്ഷ മുൻനിർത്തി ജില്ലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചു. പുഴകൾ, തോടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലെ വിനോദ പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു.

## Article Content

കാസർഗോഡ്**: ** കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സുരക്ഷ മുൻനിർത്തി ജില്ലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചു. പുഴകൾ, തോടുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലെ വിനോദ പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും താൽക്കാലികമായി നിർത്തിവെച്ചു.

**ജാഗ്രതാ നിർദേശങ്ങൾ**

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ ആവശ്യമെങ്കിൽ തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, ഫയർ ആൻഡ് റസ്ക്യു വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു. ദേശീയപാത നിർമാണ മേഖലകളിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം. അവശ്യസേവന വിഭാഗങ്ങൾ അതത് കേന്ദ്രങ്ങളിൽ സജ്ജമായിരിക്കാനും നിർദേശമുണ്ട്.

**മലയോര മേഖലയിൽ പ്രത്യേക ജാഗ്രത**

ശക്തമായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ പകൽ സമയത്ത് തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണം.സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ക്യാമ്പുകളിലേക്ക് മാറാൻ തയ്യാറാകണം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ദുർബലവുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.സ്വകാര്യ-പൊതു ഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കണം. അപകട സാധ്യത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും നിർദേശമുണ്ട്.

**യാത്രാ നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും**

അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ നിരോധിച്ചു. നദികൾ മുറിച്ചുകടക്കരുത്. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.

ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി സെൽഫി എടുക്കുന്നതും കൂട്ടം കൂടി നിൽക്കുന്നതും ഒഴിവാക്കണം. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായും ഒഴിവാക്കണം. റോഡപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണം. തീരദേശത്ത് കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കണം.

**എമർജൻസി നമ്പറുകളും ക്യാമ്പുകളും**

ജില്ലയിൽ 24x7 പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ സജ്ജമാണ്. അപകട സാധ്യത അറിയിക്കാൻ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിലും വൈദ്യുതി അപകടത്തിന് 1912 എന്ന നമ്പറിൽ കെഎസ്ഇബിയിലും ബന്ധപ്പെടാം. ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം. ഏറ്റവും അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിന്റെ വിവരങ്ങൾ റവന്യൂ-തദ്ദേശ അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞുവെക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376141/kasaragod-red-alert-tourism-closed)