---
title: "ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തുന്നതിൽ കാലതാമസം ഉണ്ടായി - റവന്യു മന്ത്രി എ.പി. അനിൽകുമാർ"
english_title: "Kerala Minister AP Anilkumar Admits Food Delay In Aranmula Relief Camp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376131/ap-anilkumar-admits-food-delay-aranmula-relief-camp-kerala-rain-"
published_at: "2026-08-02T11:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee0cc45d32_ap-anilkumar-admits-food-delay-aranmula-relief-camp-kerala-rain-.jpg"
keywords: ["AP Anilkumar", "Aranmula Camp", "Kerala Floods", "Relief Camp", "Pathanamthitta Rain", "Kerala Weather", "Kerala Rain"]
---

# ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തുന്നതിൽ കാലതാമസം ഉണ്ടായി - റവന്യു മന്ത്രി എ.പി. അനിൽകുമാർ

> **Lead Summary:** **തിരുവനന്തപുരം: **ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തുന്നതിൽ കാലതാമസം ഉണ്ടായെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ സമ്മതിച്ചു. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിയുന്നത്ര നേരത്തെ വിതരണം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം എത്തുന്നതിൽ കാലതാമസം ഉണ്ടായെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ സമ്മതിച്ചു. ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിയുന്നത്ര നേരത്തെ വിതരണം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ജില്ലകളിലും പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പല ക്യാമ്പുകളിലും ഭക്ഷണവിതരണം വൈകുന്നതും ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ ആളുകളെ പാർപ്പിക്കുന്നതും സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട്. ഇടുക്കി ജില്ലയിൽ 74 സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള മണ്ണിടിച്ചിലുകളും ഒരിടത്ത് ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തു.

പത്തനംതിട്ടയിൽ 350 മില്ലീമീറ്ററിലധികം അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള മുന്നറിയിപ്പുകളിൽ കൂടുതൽ കൃത്യതയും മുൻകൂട്ടിയുള്ള ജാഗ്രതയും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലെ പ്രവചനമനുസരിച്ച് കേരളത്തിൽ 3, 4 തീയതികളിൽ മഴ കുറയുമെങ്കിലും അഞ്ചാം തീയതിയോടെ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

സംസ്ഥാനത്ത് തകർന്ന റോഡുകൾ പുനഃസ്ഥാപിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വീടും കൃഷിയും നഷ്ടപ്പെട്ടവർക്കും അർഹമായ ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.  അതേസമയം സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റവന്യു മന്ത്രിയുമായും വിവിധ ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തര ആശയവിനിമയം നടത്തിവരുന്നു.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസകരമാണെങ്കിലും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ഇതുവരെ എട്ട് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ എട്ട് പേരെ കാണാതായിട്ടുമുണ്ട്.

വിവിധ അപകടങ്ങളിലായി 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തുടനീളം 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും, ഇതിലൂടെ 5,792 പേരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കെടുതിയിൽ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗീകമായും തകർന്നു. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376131/ap-anilkumar-admits-food-delay-aranmula-relief-camp-kerala-rain-)