---
title: "സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മഴക്കെടുതിയിൽ 209 ദുരിതാശ്വാസ ക്യാമ്പുകൾ; മാറ്റിപ്പാർപ്പിച്ചത് 5,792 പേരെ"
english_title: "Kerala Rains: 8 Dead, 5792 In Camps, Orange Alert In 12 Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376130/kerala-heavy-rain-orange-alert-8-dead-5792-camps"
published_at: "2026-08-02T11:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6edee3e4e76_kerala-heavy-rain-orange-alert-8-dead-5792-camps.jpg"
keywords: ["Kerala Rain", "Flood", "Orange Alert", "Kerala Disaster", "IMD", "Relief Camps", "CMO Kerala"]
---

# സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മഴക്കെടുതിയിൽ 209 ദുരിതാശ്വാസ ക്യാമ്പുകൾ; മാറ്റിപ്പാർപ്പിച്ചത് 5,792 പേരെ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റവന്യു മന്ത്രിയുമായും വിവിധ ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തര ആശയവിനിമയം നടത്തിവരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസകരമാണെങ്കിലും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ റവന്യു മന്ത്രിയുമായും വിവിധ ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തര ആശയവിനിമയം നടത്തിവരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസകരമാണെങ്കിലും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുള്ളതിനാൽ തീരദേശത്തും മലയോര മേഖലയിലുമുള്ളവർ കർശന ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയിൽ ഇതുവരെ എട്ട് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ എട്ട് പേരെ കാണാതായിട്ടുമുണ്ട്.

വിവിധ അപകടങ്ങളിലായി 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തുടനീളം 209 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും, ഇതിലൂടെ 5,792 പേരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കെടുതിയിൽ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗീകമായും തകർന്നു. ദുരിതബാധിതർക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വെള്ളം കയറിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യർത്ഥിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടങ്ങളും സന്നദ്ധ സേനയും സജ്ജമാണ്. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് നിലവിലെ വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376130/kerala-heavy-rain-orange-alert-8-dead-5792-camps)