---
title: "ഇതിൽ എന്ത് തെറ്റ്, കരുണാകരൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇതിലല്ലേ? ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് കെ. മുരളീധരൻ"
english_title: "K Muraleedharan Defends CM VD Satheesan Over Helicopter Travel Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376122/k-muraleedharan-defends-vd-satheesan-helicopter-controversy-"
published_at: "2026-08-02T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ed8266dc21_k-muraleedharan-defends-vd-satheesan-helicopter-controversy.jpg"
keywords: ["VD Satheesan", "K Muraleedharan", "Kerala Helicopter", "Congress", "Pinarayi Vijayan", "K Karunakaran"]
---

# ഇതിൽ എന്ത് തെറ്റ്, കരുണാകരൻ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇതിലല്ലേ? ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് കെ. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ അദ്ദേഹത്തെ ന്യായീകരിച്ച്ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്. യാത്രയിൽ എന്താണ് തെറ്റുള്ളതെന്ന് ചോദിച്ച മുരളീധരൻ, മുൻ മുഖ്യമന്ത്രിമാരും ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.

## Article Content

**തിരുവനന്തപുരം: **മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ അദ്ദേഹത്തെ ന്യായീകരിച്ച്ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്. യാത്രയിൽ എന്താണ് തെറ്റുള്ളതെന്ന് ചോദിച്ച മുരളീധരൻ, മുൻ മുഖ്യമന്ത്രിമാരും ഇത്തരം യാത്രകൾ നടത്തിയിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു.

> "ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു. കാറിലോ ട്രെയിനിലോ യാത്ര ചെയ്താൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്ന സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നത്. ഇതിൽ എന്ത് തെറ്റാണുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല," മുരളീധരൻ ചോദിച്ചു.

മുൻ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ സേവനം ഉപയോഗിച്ചിരുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഭരണകക്ഷി നേതാക്കൾ തന്നെ ഇക്കാര്യത്തിൽ വി.ഡി. സതീശന് അനുകൂലമായി സംസാരിക്കുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി, ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാനാണ് ഈ യാത്രാസൗകര്യം ഉപയോഗിച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം സർക്കാർ വാടകയ്ക്കെടുത്തിട്ടുള്ള ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തുവെന്നാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത നടപടിയെ വലിയ ധൂർത്തെന്നാണ് അന്ന് മാധ്യമങ്ങളും പ്രതിപക്ഷവും വിമർശിച്ചിരുന്നത്. എന്നാൽ, അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ് ആയും അവയവദാന ദൗത്യങ്ങൾക്കായി നിരവധി തവണയും ഉപയോഗിച്ച് മാതൃകയായ ഹെലികോപ്റ്റർ സംവിധാനത്തെയാണ് നിലവിൽ സ്വകാര്യ സന്ദർശനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഇത് സർക്കാരിന്റെ സാമ്പത്തിക ധൂർത്തിനും അധികാര ദുർവിനിയോഗത്തിനും എതിരെയുള്ള വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376122/k-muraleedharan-defends-vd-satheesan-helicopter-controversy-)