---
title: "എന്തിനാണ് ഇവിടെ ഇരിക്കുന്നത്? 'മഴ കാരണം' എന്ന് മറുപടി;  പിന്നാലെ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയുടെ കഴുത്തുഞെരിച്ചു;  കോഴിക്കോട് പ്രതി പിടിയിൽ"
english_title: "Jharkhand Youth Arrested For Robbery Attempt In Kozhikode, Attacks 80 Year Old Woman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376115/kozhikode-velimadukunnu-theft-attempt-jharkhand-youth-arrested-"
published_at: "2026-08-02T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ecc6e36844_kozhikode-velimadukunnu-theft-attempt-jharkhand-youth-arrested.jpg"
keywords: ["Kozhikode Crime", "Velimadukunnu", "Theft Attempt", "Jharkhand", "Chevayur Police", "Kerala"]
---

# എന്തിനാണ് ഇവിടെ ഇരിക്കുന്നത്? 'മഴ കാരണം' എന്ന് മറുപടി;  പിന്നാലെ വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയുടെ കഴുത്തുഞെരിച്ചു;  കോഴിക്കോട് പ്രതി പിടിയിൽ

> **Lead Summary:** **വെള്ളിമാട്കുന്ന്: (കോഴിക്കോട്) : **മോഷണശ്രമത്തിനിടെ എൺപതുകാരിയെ ആക്രമിച്ച ഇതര സംസ്ഥാന യുവാവ് പൊലീസിന്റെ പിടിയിൽ. ഝാർഖണ്ഡ് സ്വദേശിയായ ഔസാങ് ഖാൻ ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം കൊടമ്പാട്ടിൽ സുരേഷിന്റെ വീടിന്റെ പിറകുവശം വാതിൽ ഇടിച്ചു തകർത്ത് അകത്തുകയറിയാണ് പ്രതി വീട്ടിലുണ്ടായിരുന്ന കമലമ്മയെ ആക്രമിച്ചത്.

## Article Content

**വെള്ളിമാട്കുന്ന്: (കോഴിക്കോട്) : **മോഷണശ്രമത്തിനിടെ എൺപതുകാരിയെ ആക്രമിച്ച ഇതര സംസ്ഥാന യുവാവ് പൊലീസിന്റെ പിടിയിൽ. ഝാർഖണ്ഡ് സ്വദേശിയായ ഔസാങ് ഖാൻ ആണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ മൂഴിക്കൽ ജുമാ മസ്ജിദിന് സമീപം കൊടമ്പാട്ടിൽ സുരേഷിന്റെ വീടിന്റെ പിറകുവശം വാതിൽ ഇടിച്ചു തകർത്ത് അകത്തുകയറിയാണ് പ്രതി വീട്ടിലുണ്ടായിരുന്ന കമലമ്മയെ ആക്രമിച്ചത്.

വീട്ടിലുണ്ടായിരുന്ന മരുമകൾ പുറത്തുപോകുന്ന സമയം പ്രതി വീടിനടുത്ത റോഡിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോൾ മഴ കാരണമാണെന്ന മറുപടിയാണ് നൽകിയത്. യുവതി പോയ തക്കം നോക്കി പ്രതി വീടിന്റെ കാർ പോർച്ചിനടുത്തെത്തുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന കമലമ്മ ഭയന്ന് വാതിലടച്ചെങ്കിലും, ഉടൻതന്നെ ജനവാതിൽ ചില്ല് തകർത്ത പ്രതി കമലമ്മയോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാതിരുന്നതോടെ ചവിട്ടിത്തുറന്ന് അകത്തു കടന്ന പ്രതി കമലമ്മയുടെ കഴുത്തിൽ പിടിക്കുകയായിരുന്നു. എന്നാൽ കുതറി രക്ഷപ്പെട്ട കമലമ്മ കരഞ്ഞുവിളിച്ച് റോഡിലെത്തി വിവരം നാട്ടുകാരെ അറിയിച്ചു.

നാട്ടുകാർ എത്തുമ്പോഴേക്കും പ്രതി ഓടിമറഞ്ഞിരുന്നു. തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിനിടയിൽ മറ്റൊരു വീട്ടിൽ നിന്നാണ് പ്രതിയെ കണ്ടെത്തുന്നത്. കമലമ്മ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രതിയുടെ തലക്കേറ്റ മുറിവിൽ നിന്നുള്ള രക്തത്തുള്ളികൾ വീടിനകത്തുണ്ടായിരുന്നു. നാട്ടിലെത്തിയിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376115/kozhikode-velimadukunnu-theft-attempt-jharkhand-youth-arrested-)