---
title: "കോഴിക്കോട്  വീടിന്റെ മുറ്റത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണു രണ്ടു വയസ്സുകാരൻ മരിച്ചു"
english_title: "2 Year Old Boy Drowns In Waterlogged Pit At Kappad Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376109/kozhikode-kappad-2-year-old-boy-drowns-waterlogged-pit"
published_at: "2026-08-02T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ec5ee15d60_kozhikode-kappad-2-year-old-boy-drowns-waterlogged-pit.jpg"
keywords: ["Kozhikode", "Kappad", "Child Death", "Drowning", "Kerala Rain", "Accident"]
---

# കോഴിക്കോട്  വീടിന്റെ മുറ്റത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണു രണ്ടു വയസ്സുകാരൻ മരിച്ചു

> **Lead Summary:** **കോഴിക്കോട്: **കാപ്പാട് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണു രണ്ടു വയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. മഴയെത്തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് രൂപപ്പെട്ട ചെറിയ കുഴിയിലെ വെള്ളക്കെട്ടിലാണ് കുട്ടി അബദ്ധത്തിൽ വീണത്.

## Article Content

**കോഴിക്കോട്: **കാപ്പാട് വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണു രണ്ടു വയസ്സുകാരൻ മരിച്ചു. കാപ്പാട് കണ്ണംകടവ് പടിഞ്ഞാറെമൂസക്കണ്ടി വീട്ടിൽ നൗഷാദിന്റെ മകൻ മാസിൻ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. മഴയെത്തുടർന്ന് റോഡിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തി വീടിന്റെ മുറ്റത്ത് രൂപപ്പെട്ട ചെറിയ കുഴിയിലെ വെള്ളക്കെട്ടിലാണ് കുട്ടി അബദ്ധത്തിൽ വീണത്.

അപകടം നടന്ന സമയത്ത് രക്ഷിതാക്കളും മറ്റ് വീട്ടുകാരും വീടിനുള്ളിലായിരുന്നു. കുട്ടി വെള്ളത്തിൽ വീണത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുറച്ചു സമയത്തിന് ശേഷമാണ് കുട്ടിയെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടെത്തുന്നത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാത്രി പത്തു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

അതേസംയമ ഇന്നലെ മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചിരുന്നു . കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ടാണ് ആദം അയ്മൻ ( 4) മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. ഇന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. 

കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376109/kozhikode-kappad-2-year-old-boy-drowns-waterlogged-pit)