---
title: "തെരുവുനായ്ക്കൾക്ക് വഴിയോരങ്ങളിൽ ഭക്ഷണം നൽകിയാൽ കടുത്ത നടപടി; തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാരം"
english_title: "Kerala Govt Stray Dog Rules Public Feeding Ban Action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376097/kerala-govt-stray-dog-rules-public-feeding-ban"
published_at: "2026-08-02T09:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ebc48b4719_kerala-govt-stray-dog-rules-public-feeding-ban.jpg"
keywords: ["Stray Dogs", "Kerala Government", "ABC Centre", "Public Safety", "LSGD"]
---

# തെരുവുനായ്ക്കൾക്ക് വഴിയോരങ്ങളിൽ ഭക്ഷണം നൽകിയാൽ കടുത്ത നടപടി; തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണ്ണ അധികാരം

> **Lead Summary:** **തിരുവനന്തപുരം: [** തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ രംഗത്ത്. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി.

## Article Content

**തിരുവനന്തപുരം: [** തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ രംഗത്ത്. വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകി.

ഇതുസംബന്ധിച്ച് ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകൾ ഏർപ്പെടുത്തും കൂടാതെ നായകൾക്ക് ഭക്ഷണം നൽകുന്നത് വിലക്കിക്കൊണ്ടുള്ള ബോർഡുകളും സ്ഥാപിക്കും. എന്നാൽ നായകളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തുന്ന നിശ്ചിത വാർഡ് കേന്ദ്രങ്ങളിൽ ഭക്ഷണം നൽകുന്നതിന് തടസ്സമുണ്ടാകില്ല.

സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ തുടങ്ങിയ ജനസാന്ദ്രതയേറിയ പൊതുസ്ഥലങ്ങളിൽ നിന്നും നായകളെ അടിയന്തരമായി പിടികൂടി മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനായി ഇത്തരം പൊതുസ്ഥാപനങ്ങളിൽ പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കണം. നോഡൽ ഓഫീസർമാരുടെ വിവരങ്ങൾ സ്ഥാപനങ്ങളുടെ കവാടത്തിലും തദ്ദേശസ്ഥാപനങ്ങളിലും പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപന പരിസരങ്ങൾ നായമുക്തമാക്കാൻ മേധാവികൾക്ക് നോട്ടീസ് നൽകുമെന്നും, സഹകരിക്കാത്ത പക്ഷം കർശന നിയമ-ഭരണപരമായ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.

പിടികൂടുന്ന തെരുവുനായ്ക്കളെ എ.ബി.സി. കേന്ദ്രങ്ങളിലെത്തിച്ച് വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പുകൾക്കും വിരമരുന്നുകൾക്കും ശേഷം പിടികൂടിയ സ്ഥലത്തുതന്നെ തുറന്നുവിടും. എന്നാൽ പേവിഷബാധയുള്ളവയെയും അക്രമണസ്വഭാവമുള്ളവയെയും പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കുകയും, ദത്തുനൽകുന്നവയ്ക്ക് ടാഗ് പതിക്കുകയും ചെയ്യും.

കൂടുതൽ എ.ബി.സി. കേന്ദ്രങ്ങളുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും. സംസ്ഥാന-ദേശീയ പാതകളിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന മൃഗങ്ങളെ നീക്കം ചെയ്യാൻ അതത് അതോറിറ്റികളുമായി തദ്ദേശസ്ഥാപനങ്ങൾ ചേർന്ന് പ്രവർത്തിക്കും. ഈ ദൗത്യങ്ങൾക്കായി തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും, തടസ്സങ്ങൾ ഉണ്ടായാൽ പൊലീസിന്റെ സഹായം തേടാമെന്നും സർക്കാർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376097/kerala-govt-stray-dog-rules-public-feeding-ban)