---
title: "ഭാഗ്യക്കുറിക്കുള്ളിലും വ്യാജൻ...!  ഓൺലൈൻ കേരള ലോട്ടറി തട്ടിപ്പ് കേസിൽ തഞ്ചാവൂര്‍ സ്വദേശിയായ 25-കാരൻ അറസ്റ്റില്‍"
english_title: "Kerala Online Lottery Scam Tamil Nadu Man Arrested Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376087/kerala-online-lottery-scam-tamil-nadu-arrest"
published_at: "2026-08-02T07:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eaa55cf969_kerala-online-lottery-scam-tamil-nadu-arrest.jpg"
keywords: ["Kerala Lottery", "Cyber Fraud", "Thiruvananthapuram", "Scam"]
---

# ഭാഗ്യക്കുറിക്കുള്ളിലും വ്യാജൻ...!  ഓൺലൈൻ കേരള ലോട്ടറി തട്ടിപ്പ് കേസിൽ തഞ്ചാവൂര്‍ സ്വദേശിയായ 25-കാരൻ അറസ്റ്റില്‍

> **Lead Summary:** **തിരുവനന്തപുരം: **ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി ദിനേശ് ആണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ച് സാധാരണക്കാരെ കബളിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതി. സര്‍ക്കാര്‍ മുദ്രകളും ഔദ്യോഗിക വിലാസവും ദുരുപയോഗം ചെയ്താണ് ദിനേശ് വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കിയത്.

## Article Content

**തിരുവനന്തപുരം: **ഓണ്‍ലൈന്‍ കേരള ലോട്ടറി തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. തഞ്ചാവൂര്‍ സ്വദേശി ദിനേശ് ആണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിച്ച് സാധാരണക്കാരെ കബളിപ്പിക്കുകയായിരുന്നു പ്രതിയുടെ രീതി. സര്‍ക്കാര്‍ മുദ്രകളും ഔദ്യോഗിക വിലാസവും ദുരുപയോഗം ചെയ്താണ് ദിനേശ് വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കിയത്.

കേരള സര്‍ക്കാര്‍ ലോട്ടറിയുടെ പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ സൃഷ്ടിച്ച് ഇയാള്‍ ആളുകളെ ആകര്‍ഷിച്ചു. ലോട്ടറി അടിച്ചതായി സന്ദേശം നല്‍കിയ ശേഷം പ്രോസസിംഗ് ഫീസ്, നികുതി എന്നീ പേരുകളില്‍ പണം ആവശ്യപ്പെടുന്നതായിരുന്നു തട്ടിപ്പ്. സര്‍ക്കാരിന്റെ ലോഗോയും മുദ്രയും ഉപയോഗിച്ചതിനാല്‍ പലരും ഇത് യഥാര്‍ത്ഥ സൈറ്റാണെന്ന് വിശ്വസിച്ചു.

നിരവധി പേര്‍ക്ക് ഇതുവഴി സാമ്പത്തിക നഷ്ടമുണ്ടായതായി പൊലീസ് പറയുന്നു.തിരുവനന്തപുരത്ത് നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. ബാങ്ക് ഇടപാടുകളും ഐപി വിലാസവും പരിശോധിച്ചാണ് തഞ്ചാവൂരിലെത്തി പ്രതിയെ പിടികൂടിയത്.

കേരള സര്‍ക്കാര്‍ ലോട്ടറിക്ക് ഔദ്യോഗികമായി ഒരു ഓണ്‍ലൈന്‍ വില്‍പന സംവിധാനവുമില്ലെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി.  [www.keralotteries.com](http://www.keralotteries.com) എന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ്. ഇതുകൂടാതെ ലോട്ടറി വില്‍ക്കുന്നതും വാങ്ങുന്നതും അംഗീകൃത ഏജന്റുമാര്‍ വഴി മാത്രമാണ്.വ്യാജ വെബ്സൈറ്റുകളില്‍ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങുകയോ പണം നല്‍കുകയോ ചെയ്യരുത്.

സംശയം തോന്നുന്ന വെബ്സൈറ്റുകളോ മെസേജുകളോ ലഭിച്ചാല്‍ ഉടന്‍ സൈബര്‍ പൊലീസിനെ 1930 എന്ന ഹെല്‍പ് ലൈനില്‍ അറിയിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് മറ്റ് കൂട്ടാളികളുണ്ടോ എന്നും സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376087/kerala-online-lottery-scam-tamil-nadu-arrest)