---
title: "അറസ്റ്റിലായത് കെഎസ് യു പ്രവർത്തകർ...! വീണാ ജോര്‍ജ് കേസിലും എസ്‌ഐടി; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധം അന്വേഷിക്കാന്‍ പ്രത്യേക സംഘം"
english_title: "Kerala Govt Orders SIT Probe Into Veena George Attack Case Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376085/veena-george-case-sit-probe-kannur"
published_at: "2026-08-02T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ea666e303a_veena-george-case-sit-probe-kannur.jpg"
keywords: ["Veena George Attack Case", "Kannur Railway Station", "SIT", "KSU Protest"]
---

# അറസ്റ്റിലായത് കെഎസ് യു പ്രവർത്തകർ...! വീണാ ജോര്‍ജ് കേസിലും എസ്‌ഐടി; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പ്രതിഷേധം അന്വേഷിക്കാന്‍ പ്രത്യേക സംഘം

> **Lead Summary:** **കണ്ണൂര്‍: **മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ എസ്‌ഐടി അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ആഭ്യന്തരവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലാണ് പുതിയ നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിക്കുന്നത്.

## Article Content

**കണ്ണൂര്‍: **മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ എസ്‌ഐടി അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. ആഭ്യന്തരവകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലാണ് പുതിയ നടപടി. കേസ് കെട്ടിച്ചമച്ചതാണെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിക്കുന്നത്.

എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും എസ്‌ഐടിക്ക് നേതൃത്വം നല്‍കുക. നിലവില്‍ റെയില്‍വേ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസില്‍ അറസ്റ്റിലായത്. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതിഷേധത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രത്യേക അന്വേഷണ സംഘമാണിത്.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ വര്‍ഷം ഫെബ്രുവരി 25നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. തുടക്കത്തില്‍ വധശ്രമം അടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയിരുന്നു.

മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ പൊലീസ് നല്‍കിയ മൊഴി.എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചപ്പോള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എടുത്തുമാറ്റി.

സംഭവം അന്ന് നിയമസഭയിലും പുറത്തും വലിയ വിവാദമായിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നു. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.ഇപ്പോള്‍ കേസ് എസ്‌ഐടിക്ക് വിടാനുള്ള തീരുമാനവും വിവാദത്തിന് വഴിവച്ചിട്ടുണ്ട്. എസ്‌ഐടിയെ ഇന്ന് പ്രഖ്യാപിക്കും.

ഇത് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ എസ്‌ഐടിയാണ്. മുമ്പ് ഇന്‍ഡിഗോ വിമാനത്തില്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ തുടരന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചിരുന്നു.പിന്നീട് ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസിലും എസ്‌ഐടി അന്വേഷണം നടക്കുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ തുടര്‍ച്ചയായി എസ്‌ഐടി പ്രഖ്യാപിക്കുന്നത് രാഷ്ട്രീയമായി ചര്‍ച്ചയാകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376085/veena-george-case-sit-probe-kannur)