---
title: "'മർദ്ദനത്തിനിരയായ വിദ്യാർത്ഥിനികളോട് മോദി മാപ്പ് ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'; വീഡിയോയുമായി അഭിജീത് ദീപ്കെ"
english_title: "CJP Leader Abhijith Deepke Seeks PM Modi Apology For Jantar Mantar Police Action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376083/abhijith-deepke-seeks-modi-apology-jantar-mantar"
published_at: "2026-08-02T07:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ea404a22d9_abhijeet-deepke-seeks-modi-apology-jantar-mantar.jpg"
keywords: ["NEET Protest", "Narendra Modi", "Jantar Mantar", "CJP", "Abhijith Deepke"]
---

# 'മർദ്ദനത്തിനിരയായ വിദ്യാർത്ഥിനികളോട് മോദി മാപ്പ് ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'; വീഡിയോയുമായി അഭിജീത് ദീപ്കെ

> **Lead Summary:** **ന്യൂഡല്‍ഹി: **ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞ് രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് നടത്തിയത് അതിക്രമമാണെന്ന് ആരോപിച്ചാണ് അഭിജീത് രംഗത്തെത്തിയത്. ഇതിൽ വിദ്യാർത്ഥികളോടും പ്രതിഷേധക്കാരോടും പ്രധാനമന്ത്രി മാപ്പ് ചോദിക്കണമെന്നാണ് ആവശ്യം.

## Article Content

**ന്യൂഡല്‍ഹി: **ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിലെ പൊലീസ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറഞ്ഞ് രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെ. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പൊലീസ് നടത്തിയത് അതിക്രമമാണെന്ന് ആരോപിച്ചാണ് അഭിജീത് രംഗത്തെത്തിയത്. ഇതിൽ വിദ്യാർത്ഥികളോടും പ്രതിഷേധക്കാരോടും പ്രധാനമന്ത്രി മാപ്പ് ചോദിക്കണമെന്നാണ് ആവശ്യം.

> കഴിഞ്ഞ ദിവസം തനിക്കെതിരെ മോശം പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിജീത് പുതിയ വീഡിയോയുമായി രംഗത്തെത്തിയത്. "വിദ്യാർത്ഥികൾക്ക് മാപ്പ് നൽകുന്നുവെന്ന് പറഞ്ഞ മോദി ജിയുടെ വീഡിയോ നമ്മൾ എല്ലാവരും ഇന്നലെ കണ്ടു. ജൂലൈ 20ന് നടന്ന പൊലീസ് അതിക്രമത്തിൽ വിദ്യാർത്ഥികളോട് ക്ഷമ ചോദിച്ച് ഇന്ന് വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

> 12 വയസുള്ള വിദ്യാർത്ഥികളുടെ വരെ തലയിൽ പൊലീസ് അടിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങൾ കീറി. വനിതാ പ്രതിഷേധക്കാരുടെ സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ചു. അതുകൊണ്ട് ഇന്ന് രാത്രി മർദ്ദനത്തിനിരയായ വിദ്യാർത്ഥിനികളോട് അദ്ദേഹം മാപ്പ് ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" എന്നാണ് അഭിജീത് പറഞ്ഞത്.

> കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിൽ പ്രധാനമന്ത്രി ജന്തർ മന്തർ പ്രതിഷേധക്കാരെക്കുറിച്ച് പരാമർശിച്ചിരുന്നു. "ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങൾക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ജന്തർ മന്തറിൽ കുട്ടികൾ മോശം വാക്കുകൾ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയിൽ സഞ്ചരിക്കാതെ വിദ്യാർത്ഥികളെ നേർവഴിയിൽ നടത്താം. കുട്ടികളെ നേരെയാക്കാൻ ഒരുമിച്ച് മുന്നോട്ട് പോകാം" എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

അതേസമയം തനിക്കെതിരെ മോശം പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നതായും പ്രധാനമന്ത്രി വീഡിയോയിൽ പറഞ്ഞു.സിജെപിയുടെ ആവശ്യം

> പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായും അഭിജീത് ദീപ്കെ രംഗത്തെത്തി. "റീലിൽ മാത്രമാണോ മാപ്പ് നൽകുന്നത്? കേസുകൾ പിൻവലിക്കുമോ?" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധക്കാരോട് പരസ്യമായി മാപ്പ് പറയണമെന്നും സിജെപി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376083/abhijith-deepke-seeks-modi-apology-jantar-mantar)