---
title: "'നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മൂപ്പർ ഇങ്ങനെ വിരുന്ന് പോവുകയാണോ?'; മുഖ്യമന്ത്രി വി ഡി സതീശനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം"
english_title: "Kerala CM VD Satheesan Faces Flak For Ponnani Visit Amid Flood Crisis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376082/cm-vd-satheesan-ponnani-visit-controversy-flood"
published_at: "2026-08-02T07:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ea0f9ad28f_cm-vd-satheesan-ponnani-visit-controversy-flood.jpg"
keywords: ["Kerala Rain", "VD Satheesan", "Ponnani", "Kerala Flood", "Controversy"]
---

# 'നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മൂപ്പർ ഇങ്ങനെ വിരുന്ന് പോവുകയാണോ?'; മുഖ്യമന്ത്രി വി ഡി സതീശനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

> **Lead Summary:** **മലപ്പുറം: **സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം ഉയരുന്നു. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസൽ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

## Article Content

**മലപ്പുറം: **സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്തതിൽ വിമർശനം ഉയരുന്നു. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി എത്തിയത്. ഫൈസൽ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടിൽ എത്തിയതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

> പോസ്റ്റിന് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമർശിച്ച് രംഗത്തെത്തിയത്. "മധ്യ കേരളം പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട് തേങ്ങുമ്പോഴും ഇങ്ങ് പൊന്നാനിയിൽ എത്തി യുഡിഎഫ് മുതലാളിമാരുടെ വീടുകളിലെ ആവോലി പൊരിച്ചതിന്റെ ഉപ്പും ചിക്കൻ ചില്ലിയുടെ വേവും പരിശോധിക്കുന്ന മുഖ്യമന്ത്രി" എന്നായിരുന്നു ഒരു കമന്റ്.

> "നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മൂപ്പർ ഇങ്ങനെ വിരുന്ന് പോവുകയാണോ?" എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.പ്രവർത്തക സമിതി അംഗം പി സരിനും വിമർശനവുമായി രംഗത്തെത്തി. "കനത്ത കാലവർഷക്കെടുതികൾക്കിടയിൽ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎൽഎയോടൊപ്പം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ അപൂർവ്വ ദൃശ്യങ്ങൾ" എന്ന് പറഞ്ഞുകൊണ്ടാണ് സരിൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റർ യാത്ര നേരത്തേ വിവാദമായിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താനെന്ന പേരിൽ നടത്തിയ യാത്ര ജനങ്ങൾക്ക് പ്രയോജനമില്ലെന്നായിരുന്നു വിമർശനം.അതിനിടെയാണ് പൊന്നാനിയിലെ വിരുന്ന് യാത്രയും വിവാദമാകുന്നത്. സംസ്ഥാനത്ത് 8 പേർ മഴക്കെടുതിയിൽ മരിച്ചതും നിരവധി സ്ഥലങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും റിപ്പോർട്ട് ചെയ്തതുമാണ് ഈ വിമർശനങ്ങൾക്ക് കാരണം.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പൊന്നാനി സന്ദർശനം ദുരിതബാധിത പ്രദേശങ്ങളുടെ സ്ഥിതി വിലയിരുത്തുന്നതിന്റെ ഭാഗമാണെന്നാണ് അനുകൂലികൾ പറയുന്നത്.എന്നാൽ പ്രളയക്കെടുതിയിൽ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഇത്തരം സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നത് ജനവിരുദ്ധമാണെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376082/cm-vd-satheesan-ponnani-visit-controversy-flood)