---
title: "രണ്ടു ജീവനുകൾ കവർന്ന ഉരുൾപൊട്ടൽ, മണ്ണില്‍ ബാക്കിയായത്  15 പവന്‍ പൊന്ന്; വീട് തകർന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗില്‍ സ്വര്‍ണം"
english_title: "15 Sovereign Gold Found From Poovarani Landslide Site Kids Hand Over To Panchayat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376081/poovarani-landslide-15-sovereign-gold-found"
published_at: "2026-08-02T06:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e9b74d5c8f_poovarani-landslide-15-sovereign-gold-found.jpg"
keywords: ["Kottayam", "Poovarani Landslide", "Gold", "Kerala Rain"]
---

# രണ്ടു ജീവനുകൾ കവർന്ന ഉരുൾപൊട്ടൽ, മണ്ണില്‍ ബാക്കിയായത്  15 പവന്‍ പൊന്ന്; വീട് തകർന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗില്‍ സ്വര്‍ണം

> **Lead Summary:** **കോട്ടയം: **പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സ്ഥലത്ത് നിന്ന് ലഭിച്ച ബാഗില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കണ്ടെടുത്തു. നടക്കല്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ബാഗ് ലഭിച്ചത്. ബാഗ് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യനെ ഏല്‍പ്പിച്ചു. പയ്യാനിതോട്ടം പള്ളി വികാരിയെ ബാഗ് ഏല്‍പ്പിക്കാനാണ് തീരുമാനം.

## Article Content

**കോട്ടയം: **പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച സ്ഥലത്ത് നിന്ന് ലഭിച്ച ബാഗില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കണ്ടെടുത്തു. നടക്കല്‍ നിന്നുള്ള കുട്ടികള്‍ക്കാണ് ബാഗ് ലഭിച്ചത്. ബാഗ് പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യനെ ഏല്‍പ്പിച്ചു. പയ്യാനിതോട്ടം പള്ളി വികാരിയെ ബാഗ് ഏല്‍പ്പിക്കാനാണ് തീരുമാനം.

ഇന്ന് പുലര്‍ച്ചെയാണ് പൂഞ്ഞാര്‍ പയ്യാനിതോട്ടത്ത് ഉരുള്‍ പൊട്ടലുണ്ടായത്. സംഭവത്തില്‍ 24 കാരനായ ജോസഫിനും മാതാവ് റജീനയും മരിച്ചിരുന്നു. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പെണ്‍മക്കളായിരുന്ന ജോമിറ്റും സോമിറ്റും വീട്ടില്‍ ഉണ്ടായിരുന്നില്ല. കാലിന് പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ജോസഫിനെ ഉരുളെടുത്തത്.

അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിർദ്ദേശം.

തീരദേശത്തും മലയോര മേഖലയിലും താമസിക്കുന്നവർ കൂടുതൽ കരുതൽ എടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 8 പേർ മരിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലയിൽ രാത്രി പെയ്ത മഴ വ്യാപക നാശനഷ്ടമുണ്ടാക്കി. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടം ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമല ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. ഇടുക്കി കോലാഹലമേട് വീടിനു മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായർ മരിച്ചു.

മലപ്പുറത്ത് രണ്ട് കുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് 3 വയസുകാരൻ അബ്ദുൽ മുഹൈനി, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് 4 വയസുകാരൻ ആദം അയ്മൻ.

വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കിട്ടി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.

മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. നദികളിലും തോടുകളിലും ഇറങ്ങരുത്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സഹായത്തിന് 1077 എന്ന നമ്പറിൽ ബന്ധപ്പെടാം.നാളെയോടെ മഴ കുറയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇന്ന് രാത്രിയും വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. അതിനാൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376081/poovarani-landslide-15-sovereign-gold-found)