---
title: "മാനന്തവാടിയിൽ യുവതിക്ക് നേരെ ഭർതൃമാതാവിന്റെ ഒത്താശയോടെ ലൈംഗികാതിക്രമം; കോഴിക്കോട്, കണ്ണൂർ സ്വദേശികൾ പിടിയിൽ "
english_title: "Mananthavady Sexual Assault Case Main Accused And Accomplices Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376080/mananthavady-sexual-assault-case-main-accused-and-accomplices-arrested"
published_at: "2026-08-02T06:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e982cd6875_mananthavady-sexual-assault-case-main-accused-and-accomplices-arrested.jpg"
keywords: ["Mananthavady Rape", "Sexual Assault Case", "Kozhikode", "Kannur"]
---

# മാനന്തവാടിയിൽ യുവതിക്ക് നേരെ ഭർതൃമാതാവിന്റെ ഒത്താശയോടെ ലൈംഗികാതിക്രമം; കോഴിക്കോട്, കണ്ണൂർ സ്വദേശികൾ പിടിയിൽ 

> **Lead Summary:** **മാനന്തവാടി: **യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രധാന പ്രതിയും കൂട്ടുപ്രതിയും പോലീസ് പിടിയിലായി. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി കെ.സി. മനോജ്, കണ്ണൂർ കൊട്ടിയൂർ സ്വദേശി എൻ.ജി. ബിന്ദു, അതിജീവിതയുടെ ഭർതൃമാതാവ് എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**മാനന്തവാടി: **യുവതിയെ ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിൽ പ്രധാന പ്രതിയും കൂട്ടുപ്രതിയും പോലീസ് പിടിയിലായി. കോഴിക്കോട് തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി കെ.സി. മനോജ്, കണ്ണൂർ കൊട്ടിയൂർ സ്വദേശി എൻ.ജി. ബിന്ദു, അതിജീവിതയുടെ ഭർതൃമാതാവ് എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.

2026 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിന്ദു വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കിടപ്പുരോഗിയായ അമ്മയെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞാണ് ഭർതൃമാതാവ് അതിജീവിതയെ ഈ വീട്ടിലെത്തിക്കുന്നത്. തുടർന്ന് അവിടെയുണ്ടായിരുന്ന ഒന്നാം പ്രതി മനോജ് യുവതിയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇതിനായി മനോജിൽ നിന്ന് ബിന്ദു പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.

സംഭവം പുറത്തുപറഞ്ഞാൽ കുടുംബം തകർക്കുമെന്നും ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്നും പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണികൾക്ക് വഴങ്ങാതെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചയുടൻ മാനന്തവാടി ഡി.വൈ.എസ്.പി വി. ലതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു.

കേസിൽ ഒത്താശ ചെയ്ത ഭർതൃമാതാവിനെയും ഒന്നാം പ്രതി മനോജിനെയും പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഒളിവിലായിരുന്ന ബിന്ദുവിനെയും പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ബിന്ദുവിനെയും റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376080/mananthavady-sexual-assault-case-main-accused-and-accomplices-arrested)