---
title: "പുതുമോടി മാറുന്നതിന് മുൻപേ....! ഏഴ് വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് ഒരു മാസം മുൻപ്; ജയ്സാൽമീറിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം "
english_title: "Army Major Hamza Arif Dies In Jaisalmer Road Accident One Month After Marriage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376075/jaisalmer-army-major-hamza-arif-dies-road-accident"
published_at: "2026-08-01T22:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e2cfb51830_jaisalmer-army-major-hamza-arif-dies-road-accident.jpg"
keywords: ["Jaisalmer", "Army Major", "Road Accident", "Indian Army"]
---

# പുതുമോടി മാറുന്നതിന് മുൻപേ....! ഏഴ് വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് ഒരു മാസം മുൻപ്; ജയ്സാൽമീറിൽ വാഹനാപകടത്തിൽ സൈനികന് ദാരുണാന്ത്യം 

> **Lead Summary:** **ജയ്സാൽമീർ: **വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമായ സൈനിക ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിലെ മേജർ ഹംസ ആരിഫ് 41 ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെ ജയ്സാൽമീർ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ ആർമി ഏരിയയ്ക്കുള്ളിലെ റോഡിലാണ് അപകടം.

## Article Content

**ജയ്സാൽമീർ: **വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമായ സൈനിക ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിലെ മേജർ ഹംസ ആരിഫ് 41 ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെ ജയ്സാൽമീർ നഗരത്തിൽ നിന്ന് 8 കിലോമീറ്റർ അകലെ ആർമി ഏരിയയ്ക്കുള്ളിലെ റോഡിലാണ് അപകടം.

മേജർ ഹംസയും സഹപ്രവർത്തകരും സഞ്ചരിച്ച ടാറ്റ സഫാരി കാർ റോഡിൽ കുറുകെ വന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ എസ്‌യുവി നാലഞ്ചു തവണ മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ മേജർ ഹംസയെ ഉടൻ തന്നെ സമീപത്തെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

വാഹനത്തിലുണ്ടായിരുന്ന ലെഫ്റ്റനന്റ് ആയുഷ്മാൻ ഗുസൈൻ, ലെഫ്റ്റനന്റ് അഭിനവ് റാത്തോഡ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. 2016-ൽ ചമേലി ദേവി കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ഹംസ 2017-ലാണ് ഇന്ത്യൻ ആർമിയിൽ ചേർന്നത്.

സേവന മികവിലൂടെ പിന്നീട് മേജർ പദവിയിലേക്ക് ഉയർന്നു. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഹംസയുടെ വിവാഹം നടന്നത്. ഡിസംബറിൽ ഇൻഡോറിൽ വെച്ച് വലിയ രീതിയിൽ വിവാഹസൽക്കാരം നടത്താനായിരുന്നു കുടുംബത്തിന്റെ പദ്ധതി. ആ സ്വപ്നങ്ങൾ പൂർത്തിയാകും മുമ്പാണ് അപകടം സംഭവിച്ചത്.

അപകടസമയത്ത് ജയ്സാൽമീർ മിലിട്ടറി സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുകയായിരുന്നു മേജർ ഹംസ. സഹപ്രവർത്തകർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പ്രിയപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

> അപകടത്തിൽ സൈന്യം അനുശോചനം രേഖപ്പെടുത്തി. "ദേശത്തിനായി ജീവൻ സമർപ്പിച്ച ധീര ജവാന്റെ നഷ്ടം തീരാനാശേഷിയുള്ളതാണ്" എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ജയ്സാൽമീർ മേഖലയിൽ രാത്രി സമയത്ത് ഒട്ടകങ്ങളും മറ്റ് മൃഗങ്ങളും റോഡിൽ ഇറങ്ങുന്നത് പതിവാണ്.

ഇതുമൂലം നേരത്തെ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റോഡിൽ കൂടുതൽ ജാഗ്രതാ ബോർഡുകളും സ്പീഡ് നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച മേജർ ഹംസ ആരിഫിന്റെ കുടുംബത്തിന് സൈന്യവും നാട്ടുകാരും ആദരാഞ്ജലികൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376075/jaisalmer-army-major-hamza-arif-dies-road-accident)