---
title: "'ഞാനവളെ കൊന്നു, ഇനി ഞാൻ ബാക്കി കാണില്ല'; ഭാര്യയെ കൊന്ന് കനാലിലേക്ക് എറിഞ്ഞെന്ന് പറഞ്ഞ് വീഡിയോകോൾ, പിന്നാലെ ഭർത്താവ് ജീവനൊടുക്കി "
english_title: "Hassan Crime Karnataka Man Kills Wife Makes Video Call To Relatives Commits Suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376073/hassan-man-kills-wife-makes-video-call-commits-suicide-karnataka"
published_at: "2026-08-01T22:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e28d09f18c_hassan-man-kills-wife-makes-video-call-commits-suicide-karnataka.jpg"
keywords: ["Husband Suicide", "Wife Murder", "Hassan Police", "Yagachi Canal"]
---

# 'ഞാനവളെ കൊന്നു, ഇനി ഞാൻ ബാക്കി കാണില്ല'; ഭാര്യയെ കൊന്ന് കനാലിലേക്ക് എറിഞ്ഞെന്ന് പറഞ്ഞ് വീഡിയോകോൾ, പിന്നാലെ ഭർത്താവ് ജീവനൊടുക്കി 

> **Lead Summary:** **ഹാസൻ (കർണാടക): **ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ വിഡിയോ കോളിലൂടെ അറിയിച്ചതിന് പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബെലൂർ താലൂക്കിലെ കെസഗോഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ചിക്കമംഗളൂരുവിൽ ബേക്കറി നടത്തിവന്നിരുന്ന രഘു ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ഗഗനയെയാണ് കൊല്ലപ്പെട്ട നിലയിൽ കാണാതായത്.

## Article Content

**ഹാസൻ (കർണാടക): **ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ വിഡിയോ കോളിലൂടെ അറിയിച്ചതിന് പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബെലൂർ താലൂക്കിലെ കെസഗോഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. ചിക്കമംഗളൂരുവിൽ ബേക്കറി നടത്തിവന്നിരുന്ന രഘു ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ഗഗനയെയാണ് കൊല്ലപ്പെട്ട നിലയിൽ കാണാതായത്.

വെള്ളിയാഴ്ചയാണ് സംഭവസ്ഥലത്തുനിന്ന് രഘുവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പൊലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച്, കഴിഞ്ഞ ദിവസം രഘു ഭാര്യ ഗഗനയുമായി കാറിൽ കെസഗോഡ് ഗ്രാമത്തിലെത്തുകയായിരുന്നു. തുടർന്ന് ഇവിടെവെച്ച് ഗഗനയെ വധിച്ച ശേഷം രഘു ബന്ധുക്കളെ വിഡിയോ കോൾ ചെയ്തു.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സമീപത്തെ കനാലിൽ തള്ളുകയാണെന്നും ബന്ധുക്കളോട് പറഞ്ഞതിന് തൊട്ടുപിന്നാലെ ഇയാൾ അവിടെവെച്ച് തന്നെ ജീവനൊടുക്കുകയായിരുന്നു.

13 വർഷം മുൻപ് വിവാഹിതരായ ഇവർക്ക് 12-ഉം 6-ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. കുടുംബസമേതം ചിക്കമംഗളൂരുവിൽ താമസിച്ചുവരികയായിരുന്നു ഇവർ. എന്നാൽ ഗഗന കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ പൂർണ്ണമായ വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ മൃതദേഹം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

ഗഗനയെ കാണാതായതുമായി ബന്ധപ്പെട്ട് ചിക്കമഗളൂരുവിലെ ബസവനഹള്ളി പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹാസൻ എസ്.പി ശുഭാന്വിത വ്യക്തമാക്കി. ഹാസൻ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാഗചി കനാലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ഗഗനയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. ദമ്പതികൾക്കിടയിലുണ്ടായ തർക്കമാണോ അതോ മറ്റ് എന്തെങ്കിലും കാരണങ്ങളാണോ ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376073/hassan-man-kills-wife-makes-video-call-commits-suicide-karnataka)