---
title: "സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്"
english_title: "Kerala Rain Alert Red Orange Warning 12 Districts Till Wednesday"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376069/kerala-rain-alert-red-orange-warning-12-districts-wednesday"
published_at: "2026-08-01T22:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e1fe02b8a3_kerala-rain-alert-red-orange-warning-12-districts-wednesday.jpg"
keywords: ["Kerala Rain", "Red Alert", "Orange Alert", "IMD", "Landslide"]
---

# സംസ്ഥാനത്ത് ശക്തമായ മഴ തുടരും; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത് മധ്യകേരളത്തിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത് മധ്യകേരളത്തിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു.

**ഇന്നത്തെ അലർട്ട്**

ഇന്ന് 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ് അലർട്ട് ജില്ലകൾ:

പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഓറഞ്ച് അലർട്ട് ജില്ലകൾ:

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ഉണ്ടാകും. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ജാഗ്രതാ നിർദ്ദേശങ്ങൾ

റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.

വെള്ളക്കെട്ടുകളിലൂടെ സഞ്ചരിക്കരുത്. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ രാത്രി യാത്ര ഒഴിവാക്കണം. ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്ന സാഹചര്യമുണ്ടായാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടങ്ങൾ പൂർത്തിയാക്കി.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.മധ്യകേരളത്തിൽ ഇതിനകം ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും റോഡുകൾ തകരുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്, ഫയർഫോഴ്സ് സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച വരെ മഴ തുടരുമെന്നതിനാൽ പൊതുജനങ്ങൾ കാലാവസ്ഥാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376069/kerala-rain-alert-red-orange-warning-12-districts-wednesday)