---
title: "പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ല ....! പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ, കടത്തുവഴി മാറ്റിയിട്ടും പൊലീസ് പൊക്കി"
english_title: "Kochi Police Seize 37 Kg Ganja Paravur Bengal Drug Traffickers Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376066/kochi-paravur-37kg-ganja-bengal-drug-traffickers-arrested"
published_at: "2026-08-01T21:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e198862035_kochi-paravur-37kg-ganja-bengal-drug-traffickers-arrested.jpg"
keywords: ["Paravur", "Ganja", "Drug Trafficking", "Kerala Police"]
---

# പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് രക്ഷയില്ല ....! പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ, കടത്തുവഴി മാറ്റിയിട്ടും പൊലീസ് പൊക്കി

> **Lead Summary:** **കൊച്ചി: **ലഹരി കടത്താൻ വഴിമാറ്റിപ്പിടിച്ച് പോലീസിനെ പറ്റിക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരുടെ തന്ത്രം പാളി. പറവൂരിൽ 37 കിലോ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രണ്ടുപേർ പിടിയിലായി. സാബൂജ് ഷെയ്ഖ് 19, രാജ ഷെയ്ഖ് 20 എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം, മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം, പറവൂർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്.

## Article Content

**കൊച്ചി: **ലഹരി കടത്താൻ വഴിമാറ്റിപ്പിടിച്ച് പോലീസിനെ പറ്റിക്കാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരുടെ തന്ത്രം പാളി. പറവൂരിൽ 37 കിലോ കഞ്ചാവുമായി ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രണ്ടുപേർ പിടിയിലായി. സാബൂജ് ഷെയ്ഖ് 19, രാജ ഷെയ്ഖ് 20 എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീം, മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം, പറവൂർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ പിടിയിലായത്.

സാധാരണ ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെനിന്ന് ബസിലോ ടാക്സിയിലോ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരി എത്തിക്കുകയായിരുന്നു ഇവരുടെ രീതി. എന്നാൽ ആലുവയിൽ പരിശോധന കർശനമാക്കിയതോടെ പോലീസിന്റെ കണ്ണുവെട്ടിക്കാൻ പുതിയ വഴി തേടി.

ഇത്തവണ ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പ്രതികൾ ഓൺലൈൻ ടാക്സി വിളിച്ച് പറവൂരിലേക്ക് തിരിച്ചു. എന്നാൽ കുറച്ചുനാളുകളായി ഇവരെ നിരീക്ഷിച്ചിരുന്ന പോലീസ് പറവൂരിൽ വച്ച് പിടികൂടുകയായിരുന്നു. ബാഗിലെ വസ്ത്രങ്ങൾക്കിടയിൽ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലാണ് 37 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ പത്തിരട്ടിയിലധികം വിലയ്ക്കാണ് വിറ്റിരുന്നത്. ലഹരി എത്തിച്ച് അന്നുതന്നെ നാട്ടിലേക്ക് മടങ്ങുന്നതാണ് ഇവരുടെ രീതി. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. 

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പറവൂർ ഇൻസ്പെക്ടർ കെ.സി. ബൈജു, എസ്ഐ എം.സി. ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ വർഷം റൂറൽ ജില്ലയിൽ മാത്രം 550 കിലോയോളം കഞ്ചാവാണ് ഇതുവരെ പിടിച്ചെടുത്തത്. 360 ഓളം നർക്കോട്ടിക് കേസുകളിലായി 445 പേരാണ് അറസ്റ്റിലായത്. ലഹരി കടത്തിനെതിരെ ജില്ലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376066/kochi-paravur-37kg-ganja-bengal-drug-traffickers-arrested)