---
title: "കണ്ണൂരിൽ നാളെ റെഡ് അലർട്ട്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, പഴശ്ശി ഡാമിലെ ഷട്ടറുകൾ ഉയർത്തും"
english_title: "Kannur Red Alert Tomorrow All Educational Institutions Holiday Pazhassi Dam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376065/kannur-red-alert-tomorrow-holiday-pazhassi-dam-shutters"
published_at: "2026-08-01T21:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d50cb7fc96_kerala-heavy-rain-8-district-holiday-landslide-idukki-kottayam.jpg"
keywords: ["Kerala Rain", "Kannur", "Red Alert", "Holiday", "Pazhassi Dam"]
---

# കണ്ണൂരിൽ നാളെ റെഡ് അലർട്ട്: എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, പഴശ്ശി ഡാമിലെ ഷട്ടറുകൾ ഉയർത്തും

> **Lead Summary:** **കണ്ണൂർ: ** കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

## Article Content

**കണ്ണൂർ: ** കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

സ്പെഷ്യൽ ക്ലാസുകൾ ഉണ്ടെങ്കിലും പ്രവർത്തനം അനുവദിക്കില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്കും മാറ്റമില്ല.

**ജാഗ്രതാ നിർദ്ദേശം**

അതിതീവ്ര മഴ തുടരുന്നതിനാൽ വൈദ്യുതി ലൈനുകൾ പൊട്ടിവീഴാനുള്ള സാധ്യതയുണ്ട്. വെള്ളക്കെട്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. അപകടം ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

**പഴശ്ശി ഡാമിലെ ഷട്ടറുകൾ ഉയർത്തും**

ശക്തമായ മഴയിൽ പഴശ്ശി ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി 15 ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചു. നിലവിൽ 3.5 മീറ്റർ ഉയർത്തിയ ഷട്ടറുകൾ ഘട്ടം ഘട്ടമായി 4 മീറ്ററായി ഉയർത്തും.

ഇതേത്തുടർന്ന് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ പടിയൂർ, പായം, വിളമന, കീഴൂർ, വയത്തൂർ, ചാവശ്ശേരി എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. ബാവലിപ്പുഴയുടെ ഇരുകരകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.വളപട്ടണം പുഴയുടെ തീരത്തുള്ള പടിയൂർ, ചാവശ്ശേരി, പൊറോറ, എളയന്നൂർ, കൊട്ടാരം, മണ്ണൂർ എന്നിവിടങ്ങളിലെ താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മഴക്കെടുതികൾ നിരീക്ഷിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുമുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യം വന്നാൽ അതിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി കലക്ടർ വ്യക്തമാക്കി. പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടവുമായും പോലീസുമായും ബന്ധപ്പെടണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376065/kannur-red-alert-tomorrow-holiday-pazhassi-dam-shutters)