---
title: "മഴക്കെടുതിയിൽ പൊലിഞ്ഞത് ആറ് ജീവനുകൾ; ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും’ -മുഖ്യമന്ത്രി"
english_title: "Kerala Rain Havoc 6 Dead 65 Relief Camps 1465 People CM Relief V D Satheesan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376056/kerala-rain-havoc-6-dead-65-relief-camps-cm-relief-announced-v-d-satheesan"
published_at: "2026-08-01T20:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6e06bad3a13_kerala-rain-havoc-6-dead-65-relief-camps-cm-relief-announced-v-d-satheesan.jpg"
keywords: ["Kerala Rain", "Flood", "Relief Camp", "CM Relief", "Death Toll", "V D Satheesan"]
---

# മഴക്കെടുതിയിൽ പൊലിഞ്ഞത് ആറ് ജീവനുകൾ; ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകും, പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും’ -മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വീട്, കൃഷി, ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് മതിയായ സഹായം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും വീട്, കൃഷി, ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് മതിയായ സഹായം നൽകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വൈകിട്ട് 6 മണി വരെയുള്ള കണക്കനുസരിച്ച് മഴക്കെടുതിയിൽ 6 പേർ മരിച്ചു. 6 പേരെ കാണാതായി. കാണാതായവർക്കായി വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തിരച്ചിൽ തുടരുകയാണ്.ക്യാമ്പുകളും നാശനഷ്ടങ്ങളും

സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1465 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. ആവശ്യമെങ്കിൽ കൂടുതൽ പേരെ മാറ്റിപ്പാർപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രാഥമിക കണക്കനുസരിച്ച് 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നു. രക്ഷാപ്രവർത്തനത്തിനായി മറ്റ് ജില്ലകളിൽ നിന്ന് വള്ളങ്ങൾ ആവശ്യാനുസരണം എത്തിച്ചിട്ടുണ്ട്.മഴയുടെ കണക്ക്

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത തുടരാൻ നിർദ്ദേശം നൽകി.സർക്കാർ നിരീക്ഷണം

> മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി, ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടങ്ങൾ എന്നിവരുമായി മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. "ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണ്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം" - മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നതിനും സഹായങ്ങൾ വേഗത്തിൽ വിതരണം ചെയ്യുന്നതിനുമുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ദുരിതമേഖലകളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വൈദ്യുതി, കുടിവെള്ളം എന്നിവ പുനഃസ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376056/kerala-rain-havoc-6-dead-65-relief-camps-cm-relief-announced-v-d-satheesan)