---
title: "കോഴിക്കോട് കനത്ത മഴ; ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 207 പേര്‍, വീടുകൾക്ക് കേടുപാടുകൾ, നാശനഷ്ടം വ്യാപകം"
english_title: "Kozhikode Rain Havoc 6 Relief Camps 207 People Houses Damaged"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376050/kozikode-rain-6-relief-camps-207-people-houses-damaged"
published_at: "2026-08-01T19:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dfd8a47a83_kozikode-rain-6-relief-camps-207-people-houses-damaged.jpg"
keywords: ["Kerala Rain", "Kozhikode", "Relief Camp", "Flood", "Landslide"]
---

# കോഴിക്കോട് കനത്ത മഴ; ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ 207 പേര്‍, വീടുകൾക്ക് കേടുപാടുകൾ, നാശനഷ്ടം വ്യാപകം

> **Lead Summary:** **കോഴിക്കോട്: **ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 70 കുടുംബങ്ങളിൽ നിന്നുള്ള 207 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 80 പുരുഷന്മാരും 70 സ്ത്രീകളും 57 കുട്ടികളുമുണ്ട്.

## Article Content

**കോഴിക്കോട്: **ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 6 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 70 കുടുംബങ്ങളിൽ നിന്നുള്ള 207 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 80 പുരുഷന്മാരും 70 സ്ത്രീകളും 57 കുട്ടികളുമുണ്ട്.

**ക്യാമ്പുകളുടെ വിവരങ്ങൾ**

വടകര താലൂക്കിലെ വിലങ്ങാട് പാരിഷ് ഹാൾ ക്യാമ്പിലാണ് ഏറ്റവും കൂടുതൽ പേർ. 33 കുടുംബങ്ങളിലെ 109 പേർ ഇവിടെയുണ്ട്. താമരശ്ശേരി താലൂക്കിൽ 4 ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 95 പേരുണ്ട്.

ജി.യു.പി.എസ് ചെമ്പുകടവിൽ 25 കുടുംബങ്ങളിലെ 66 പേർ, ജി.എച്ച്.എസ്.എസ് പുതുപ്പാടിയിൽ 4 കുടുംബങ്ങളിലെ 6 പേർ, ജി.എൽ.പി.എസ് കളരാന്തിരിയിൽ 1 കുടുംബത്തിലെ 4 പേർ, ജി.എൽ.പി.എസ് മാടത്തുംപൊയിലിൽ 6 കുടുംബങ്ങളിലെ 19 പേർ എന്നിവരാണ് ഇവിടെയുള്ളത്. കോഴിക്കോട് താലൂക്കിലെ കുമാരനെല്ലൂർ വില്ലേജിലെ ലോലായിൽ അങ്കണവാടി ക്യാമ്പിൽ 1 കുടുംബത്തിലെ 3 പേരും കഴിയുന്നു.

മഴക്കെടുതിയിൽ ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക കണക്കനുസരിച്ച് 5 വീടുകൾ ഭാഗികമായി തകർന്നു. 4 വീടുകൾ അപകടഭീഷണിയിലാണ്. അപകട സാധ്യതയുള്ള വീടുകളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.

വടകര താലൂക്കിൽ വില്ല്യാപ്പള്ളി കീഴലിൽ വീടിന്റെ മുൻവശത്തെ മതിൽ പൂർണമായി തകർന്നു. ഒഞ്ചിയം കണ്ണൂക്കരയിൽ വീടിന്റെ പിറകിലെ മതിൽ ഇടിഞ്ഞ് ബാത്ത്റൂം പൂർണമായി തകർന്നു. ഒഞ്ചിയത്ത് മറ്റൊരു വീടിന്റെ മതിലും തകർന്നു. വളയത്ത് വീടിന്റെ പിറകുവശത്തെ വരാന്ത തകർന്നു. അയഞ്ചേരിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞതിനെ തുടർന്ന് താമസക്കാരെ മാറ്റി.

പുറമേരി കുനിങ്ങാട്ടും മതിൽ തകർന്നു.കൊയിലാണ്ടിയിൽ പാലേരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിന്റെ തറയിൽ വിള്ളൽ. കൂരാച്ചുണ്ട് കല്ലാനോട് വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് ചുവരും ജനൽച്ചില്ലുകളും തകർന്നു. പുളിവയലിൽ മണ്ണിടിച്ചിൽ, തിക്കോടിയിൽ കിണർ ഇടിഞ്ഞു, കായണ്ണയിൽ മേൽക്കൂര തകർന്നു. എരവട്ടൂർ കല്ലോട് വീടിന് മുകളിൽ മതിൽ വീണു. കല്ലാനോട് 27-ാം മൈലിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

താമരശ്ശേരി രാരോത്ത് ചുടലമുക്ക്-ചക്കിക്കാവ് റോഡിൽ ചെറുപുഴയിലെ മരം തൂക്കുപാലത്തിന് ഭീഷണിയായതിനാൽ മുക്കം ഫയർഫോഴ്സ് നീക്കം ചെയ്തു. ഈങ്ങാപ്പുഴ ദേശീയപാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കോഴിക്കോട് താലൂക്കിൽ ബേപ്പൂർ കട്ടക്കാലി വയലിൽ 2 വീടുകളിൽ വെള്ളം കയറി. കുമാരനെല്ലൂർ കൽപൂർ അങ്ങാടിയിലും വെള്ളം കയറി.

കാരശ്ശേരി, ചെലവൂർ, പെരുവയൽ, താഴക്കോട്, ചാത്തമംഗലം എന്നിവിടങ്ങളിലും മതിലുകൾ തകർന്നും റോഡുകൾ ഇടിഞ്ഞും നാശനഷ്ടമുണ്ടായി. മഴക്കെടുതികൾ നിരീക്ഷിക്കുന്നതിനൊപ്പം ഗതാഗത തടസ്സങ്ങൾ നീക്കുന്നതിനും അടിയന്തര നടപടികൾ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376050/kozikode-rain-6-relief-camps-207-people-houses-damaged)