---
title: "'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് കെ. മുരളീധരൻ"
english_title: "Kerala Health Minister K Muralidharan Defends CM VD Satheesan's Helicopter Trip"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376031/k-muralidharan-defends-cm-satheesan-helicopter-trip"
published_at: "2026-08-01T17:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddf77f417b_k-muralidharan-defends-cm-satheesan-helicopter-trip.jpg"
keywords: ["VD Satheesan", "Kerala CM", "K Muralidharan", "Govt Helicopter", "Controversy"]
---

# 'കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കും'; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് കെ. മുരളീധരൻ

> **Lead Summary:** തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. കാലം മാറുന്നതിനനുസരിച്ച് കാറിന് പകരം ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും, ഈ യാത്ര കൊണ്ട് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

## Article Content

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെ ന്യായീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. കാലം മാറുന്നതിനനുസരിച്ച് കാറിന് പകരം ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും, ഈ യാത്ര കൊണ്ട് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അടിയന്തര ആവശ്യങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുമായി വാടകയ്ക്കെടുത്ത സർക്കാർ ഹെലികോപ്റ്റർ മുഖ്യമന്ത്രി വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

> "കാലം മാറുമ്പോൾ മാറ്റങ്ങളുണ്ടാകും, കാർ മാറി ഹെലികോപ്റ്ററാകും. മുൻ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ ഉപയോഗിച്ചതിനെ ആരും വിമർശിച്ചിട്ടില്ലല്ലോ? കഴിഞ്ഞ മുഖ്യമന്ത്രി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പോയപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പം പോയിരുന്നില്ലേ? അതൊന്നും വലിയ അത്ഭുതമുള്ള കാര്യമല്ല. ഈ യാത്ര കാരണം സർക്കാരിന്റെ ഖജനാവിൽ നിന്ന് കാശ് ചെലവായിട്ടുണ്ടോ? ഇല്ലല്ലോ," കെ. മുരളീധരൻ പറഞ്ഞു.

ആലുവയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്.

മുൻപ് പ്രതിപക്ഷത്തായിരുന്നപ്പോൾ പിണറായി സർക്കാരിന്റെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കൽ നയത്തെ രൂക്ഷമായി വിമർശിച്ച സതീശൻ, ഭരണത്തിലെത്തിയപ്പോൾ സ്വന്തം ആവശ്യത്തിനായി സർക്കാർ സംവിധാനം ഉപയോഗിച്ചുവെന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.

വി. ശിവൻകുട്ടി, എം.ബി. രാജേഷ് തുടങ്ങിയ ഇടത് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ പ്രതിരോധിച്ച് മന്ത്രി രംഗത്തെത്തിയത്.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പി.എം ശ്രീ പദ്ധതിയെക്കുറിച്ചും മന്ത്രി മുരളീധരൻ നിലപാട് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമപരമായി സാധിക്കുമെങ്കിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറും. അതിന് കഴിഞ്ഞില്ലെങ്കിൽ കർശന വ്യവസ്ഥകളോടെ മാത്രമേ സംസ്ഥാനത്ത് ഇത് നടപ്പാക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376031/k-muralidharan-defends-cm-satheesan-helicopter-trip)