---
title: "കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിർദ്ദേശം"
english_title: "Kakkayam Dam Blue Alert In Kozhikode, Multiple Dam Shutters Opened In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376027/kakkayam-dam-blue-alert-kerala-dam-shutters-opened-heavy-rain"
published_at: "2026-08-01T17:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddd06f3abb_kakkayam-dam-blue-alert-kerala-dam-shutters-opened-heavy-rain.jpg"
keywords: ["Kakkayam Dam", "Blue Alert", "Kozhikode", "Idukki Dam", "Red Alert", "Kerala Dams", "Heavy Rain", "Kerala Rain"]
---

# കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു, ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **കോഴിക്കോട്: ** കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 755.50 മീറ്ററായി ഉയർന്നതിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് കറിയാത്തുംപാറയിൽ സ്ഥാപിച്ചിട്ടുള്ള സൈറൺ ടെസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

## Article Content

**കോഴിക്കോട്: ** കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 755.50 മീറ്ററായി ഉയർന്നതിനെത്തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് കറിയാത്തുംപാറയിൽ സ്ഥാപിച്ചിട്ടുള്ള സൈറൺ ടെസ്റ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്ത അതിശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകൾ ഇതിനോടകം നിറഞ്ഞു കവിഞ്ഞു. ഇതിന്റെ ഫലമായി കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു വിട്ടിരിക്കുകയാണ്. അപകടനില തരണം ചെയ്യാൻ കഴിയാത്തവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കെ.എസ്.ഇ.ബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, മൂഴിയാർ ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റിമീറ്റർ വീതം ഉയർത്തി.

അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടിയന്തര സഹായത്തിനായി കെ.എസ്.ഇ.ബി ഹെൽപ്‌ലൈൻ നമ്പറായ 1912-ലോ, പൊതു അടിയന്തര ഘട്ടങ്ങളിൽ 112, 1077 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376027/kakkayam-dam-blue-alert-kerala-dam-shutters-opened-heavy-rain)