---
title: "കലിതുള്ളി മഴ; കോഴിക്കോടും കാസർകോടും ഉരുൾപൊട്ടൽ; നാലേക്കറോളം ഭൂമി ഒലിച്ചുപോയി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Landslides In Kozhikode Kodenchery And Kasaragod Chittarikkal, No Casualties"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376023/kozhikode-kodenchery-kasaragod-chittarikkal-landslide-kerala-rain"
published_at: "2026-08-01T17:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ddb2c6e070_kozhikode-kodenchery-kasaragod-chittarikkal-landslide-kerala-rain.jpg"
keywords: ["Kodenchery Landslide", "Chittarikkal", "Kozhikode", "Kasaragod", "Kerala Rain", "Landslide", "Palakkad"]
---

# കലിതുള്ളി മഴ; കോഴിക്കോടും കാസർകോടും ഉരുൾപൊട്ടൽ; നാലേക്കറോളം ഭൂമി ഒലിച്ചുപോയി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** **കോഴിക്കോട്: ** സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളെ നടുക്കി വീണ്ടും ഉരുൾപൊട്ടൽ. കോഴിക്കോട് കോടഞ്ചേരിയിലും കാസർകോട് ചിറ്റാരിക്കലിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കോടഞ്ചേരി ഈരൂട്ടിലുണ്ടായ വൻ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമിയാണ് കുത്തിയൊലിച്ചു പോയത്.

## Article Content

**കോഴിക്കോട്: ** സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലകളെ നടുക്കി വീണ്ടും ഉരുൾപൊട്ടൽ. കോഴിക്കോട് കോടഞ്ചേരിയിലും കാസർകോട് ചിറ്റാരിക്കലിലുമാണ് ഉരുൾപൊട്ടലുണ്ടായത്. കോടഞ്ചേരി ഈരൂട്ടിലുണ്ടായ വൻ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമിയാണ് കുത്തിയൊലിച്ചു പോയത്.

ദുരന്ത സമയത്ത് തോട്ടത്തിലോ പരിസര പ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. കാസർകോട് ചിറ്റാരിക്കലിൽ തയ്യെനി വായിക്കാനത്താണ് രണ്ടാമത്തെ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് മലവെള്ളപ്പാച്ചിൽ ശക്തമാണെങ്കിലും ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്.

അതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കനത്ത മഴയിൽ പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വീടിന്റെ ഭിത്തി പൂർണമായും ഇടിഞ്ഞുവീണു. കാട്ടുകുളം അത്താണിപ്പടിയിലെ നാലകത്തു അലിയുടെ വീടിന്റെ ഭിത്തിയാണ് തകർന്നത്. വൻ ശബ്ദത്തോടെ ഭിത്തി തകർന്നു വീണെങ്കിലും വീട്ടുകാർ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.  

അതേസമയം വിലങ്ങാട് മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് അപകടസാധ്യതയേറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. മഞ്ഞക്കുന്നിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചത്.

തുടർച്ചയായ മഴയിൽ പുഴകളിലെ ജലനിരപ്പ് ഉയരുന്നതും മണ്ണിടിച്ചിൽ സാധ്യത വർധിക്കുന്നതും മുൻനിർത്തിയാണ് ഈ നടപടി. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നിർണായക തീരുമാനമെടുത്തത്.

പന്നിയേരി, മാടാഞ്ചേരി, കുറ്റല്ലൂർ, ആലിമൂല, മഞ്ഞച്ചീളി, വലിയ പാനോം തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളും ഉച്ചയ്ക്ക് രണ്ട് മണിക്ക് പാരിഷ് ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അറിയിച്ചു. ഇവിടെയെത്തുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

യോഗത്തിൽ സംസാരിച്ച പ്രസിഡണ്ട്, മഴ ശക്തമായി തുടരുന്നതിനാൽ അടിയന്തര സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ അതീവ നിർണായകമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376023/kozhikode-kodenchery-kasaragod-chittarikkal-landslide-kerala-rain)