---
title: "അടുത്ത 24 മണിക്കൂർ നിർണായകം....! മണ്ണിടിച്ചിൽ സാധ്യത കൂടുന്നു; കോഴിക്കോട് വിലങ്ങാടിൽ അതീവ ജാഗ്രത; അപകടസാധ്യതയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം"
english_title: "Kozhikode Heavy Rain: Report Power Issues To KSEB 1912, 7 Deaths In Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376019/kozhikode-heavy-rain-kseb-helpline-1912-kerala-rain-deaths"
published_at: "2026-08-01T16:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dd726438d1_kozhikode-heavy-rain-kseb-helpline-1912-kerala-rain-deaths.jpg"
keywords: ["Vilangad", "Kozhikode", "relief camp", "landslide alert", "Vilangad panchayat", "Kerala weather", "disaster management", "monsoon 2026", "Kerala Rain"]
---

# അടുത്ത 24 മണിക്കൂർ നിർണായകം....! മണ്ണിടിച്ചിൽ സാധ്യത കൂടുന്നു; കോഴിക്കോട് വിലങ്ങാടിൽ അതീവ ജാഗ്രത; അപകടസാധ്യതയുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം

> **Lead Summary:** **കോഴിക്കോട്: **വിലങ്ങാട് മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് അപകടസാധ്യതയേറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. മഞ്ഞക്കുന്നിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചത്.

## Article Content

**കോഴിക്കോട്: **വിലങ്ങാട് മലയോര മേഖലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് അപകടസാധ്യതയേറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. മഞ്ഞക്കുന്നിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിത്താമസിപ്പിക്കാൻ തീരുമാനിച്ചത്.

തുടർച്ചയായ മഴയിൽ പുഴകളിലെ ജലനിരപ്പ് ഉയരുന്നതും മണ്ണിടിച്ചിൽ സാധ്യത വർധിക്കുന്നതും മുൻനിർത്തിയാണ് ഈ നടപടി. റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് നിർണായക തീരുമാനമെടുത്തത്.

പന്നിയേരി, മാടാഞ്ചേരി, കുറ്റല്ലൂർ, ആലിമൂല, മഞ്ഞച്ചീളി, വലിയ പാനോം തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങളും ഉച്ചയ്ക്ക് രണ്ട് മണിക്ക് പാരിഷ് ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അറിയിച്ചു. ഇവിടെയെത്തുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

യോഗത്തിൽ സംസാരിച്ച പ്രസിഡണ്ട്, മഴ ശക്തമായി തുടരുന്നതിനാൽ അടിയന്തര സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂർ അതീവ നിർണായകമായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില്ലേജ് അസിസ്റ്റന്റ് ജി. മണിക്കുട്ടൻ, കെ. അനിഷ്, എസ്.പി. ഷിജിൻ, വളയം സി.ഐ. കെ. ഷാജു, എസ്.ഐമാരായ പി. പ്രേംജിത്ത് കുമാർ, സുകേഷ്, പ്രദീപൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ. മുർഷിന, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി. ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ, വാർഡ് അംഗങ്ങളായ രാജു അലക്സ്, ടി.കെ. വിജീഷ്, അഷ്‌റഫ് കൊറ്റാല, ഷെബി സെബാസ്റ്റ്യൻ, പി.ബി. സൗമ്യ എന്നിവർ പങ്കെടുത്തു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി റവന്യൂ, പൊലീസ്, ഫയർഫോഴ്സ് ടീമുകൾ സജ്ജമാണ്. അത്യാഹിത ഘട്ടങ്ങളിൽ പൊതുജനങ്ങൾക്കായി 112, 1077 എന്നീ ഹെൽപ്‌ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376019/kozhikode-heavy-rain-kseb-helpline-1912-kerala-rain-deaths)