---
title: "എന്റെ അമ്മോ...ഒരു മാസം ഇൻസ്റ്റാഗ്രാമിൽ മാത്രം 50 മണിക്കൂറോളം ചെലവഴിച്ച് ഇന്ത്യക്കാർ; റിപ്പോർട്ട് പുറത്ത് "
english_title: "Indians Spend Most Time on Instagram Monthly BoFA Report 2026"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376016/indians-most-time-instagram-monthly-bofa-report"
published_at: "2026-08-01T16:24:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dd0c2b2dbf_indians-most-time-instagram-monthly-bofa-report.jpg"
keywords: ["Instagram", "YouTube", "Digital Usage", "BoFA Report", "India", "Social Media"]
---

# എന്റെ അമ്മോ...ഒരു മാസം ഇൻസ്റ്റാഗ്രാമിൽ മാത്രം 50 മണിക്കൂറോളം ചെലവഴിച്ച് ഇന്ത്യക്കാർ; റിപ്പോർട്ട് പുറത്ത് 

> **Lead Summary:** ഇന്ത്യക്കാർ പ്രമുഖ ആപ്പുകളിൽ പ്രതിമാസം ചെലവഴിക്കുന്ന ഡിജിറ്റൽ സമയത്തിന്റെ കണക്കുകൾ പുറത്തുവന്നത് ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

## Article Content

ഇന്ത്യക്കാർ പ്രമുഖ ആപ്പുകളിൽ പ്രതിമാസം ചെലവഴിക്കുന്ന ഡിജിറ്റൽ സമയത്തിന്റെ കണക്കുകൾ പുറത്തുവന്നത് ഓൺലൈൻ ലോകത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ബോഫ ഗ്ലോബൽ റിസർച്ചിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, മറ്റ് ആപ്പുകളെയെല്ലാം പിന്നിലാക്കി ഇൻസ്റ്റാഗ്രാമിലാണ് രാജ്യത്തുള്ളവർ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാറ്റ്‌ഫോമിൽ ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം ഏകദേശം 50 മണിക്കൂറാണ് (49 മണിക്കൂറും 42 മിനിറ്റ്) ചിലവഴിക്കുന്നത്.

ഈ കണക്കുകൾ 'ഇന്ത്യൻ ടെക് ആൻഡ് ഇൻഫ്ര' എന്ന എക്സ് (X) അക്കൗണ്ടിൽ പങ്കുവെച്ചതോടെ വലിയ രീതിയിൽ വൈറലാവുകയും നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. റിപ്പോർട്ട് അനുസരിച്ച് 47 മണിക്കൂറും 23 മിനിറ്റുമായി യൂട്യൂബ് പട്ടികയിൽ രണ്ടാമതുണ്ട്. മൊബൈൽ ഗെയിമായ 'ഗരേന ഫ്രീ ഫയർ' 41 മണിക്കൂറും 12 മിനിറ്റോടെ മൂന്നാം സ്ഥാനം നേടിയത് രാജ്യത്ത് ഓൺലൈൻ ഗെയിമിംഗിനുള്ള വലിയ ജനപ്രീതിയാണ് വ്യക്തമാക്കുന്നത്.

പട്ടികയിലെ മറ്റ് പ്രധാന ആപ്പുകളുടെ പ്രതിമാസ ഉപയോഗ കണക്കുകൾ ഇങ്ങനെയാണ്:

*ഫേസ്ബുക്ക് - 24 മണിക്കൂർ 45 മിനിറ്റ്*

*ജിയോഹോട്ട്സ്റ്റാർ - 22 മണിക്കൂർ 13 മിനിറ്റ്*

*നെറ്റ്ഫ്ലിക്സ് - 19 മണിക്കൂർ 22 മിനിറ്റ്*

*എംഎക്സ് പ്ലെയർ - 19 മണിക്കൂർ 19 മിനിറ്റ്*

*വാട്സാപ്പ് മെസ്സഞ്ചർ - 18 മണിക്കൂർ 49 മിനിറ്റ്*

*ആമസോൺ പ്രൈം വീഡിയോ - 13 മണിക്കൂർ 44 മിനിറ്റ്*

*എക്സ് (X) - 13 മണിക്കൂർ 30 മിനിറ്റ്*

*ഗൂഗിൾ ക്രോം - 11 മണിക്കൂർ 37 മിനിറ്റ്*

> സോഷ്യൽ മീഡിയയ്ക്കും വിനോദത്തിനുമായി ആളുകൾ ഇത്രയധികം സമയം മാറ്റിവെക്കുന്നത് വലിയ അത്ഭുതത്തോടെയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. "മാസം 49 മണിക്കൂർ ഇൻസ്റ്റാഗ്രാമിൽ എന്ന് വെച്ചാൽ ജീവിതത്തിലെ മുഴുവൻ രണ്ട് ദിവസങ്ങളാണ്, എന്നിട്ടും തങ്ങൾക്ക് വായിക്കാൻ സമയമില്ലെന്നാണ് എല്ലാവരും പറയുന്നത്" എന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചു.

ഷോർട്ട്-ഫോം ഉള്ളടക്കങ്ങൾ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിന്റെ ആഴമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് മറ്റൊരാൾ നിരീക്ഷിച്ചു. ഫ്രീ ഫയർ ഗെയിം മൂന്നാം സ്ഥാനത്ത് എത്തിയതും വാട്സാപ്പിൽ വെറും 18 മണിക്കൂർ മാത്രം ചെലവഴിക്കുന്നതും കണ്ട് പലരും കൗതുകം പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376016/indians-most-time-instagram-monthly-bofa-report)