---
title: " അങ്ങോട്ടേക്ക്  പോകാൻ സാഹസം കാണിക്കേണ്ട...; അതിശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മൂന്നാറിൽ പുതിയ കൺട്രോൾ റൂം തുറന്നു "
english_title: "Munnar Police Control Room Opened 24x7 Amid Landslide Threat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376014/munnar-police-control-room-opened-landslide-traffic-restriction"
published_at: "2026-08-01T16:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dcf6332ef7_munnar-police-control-room-opened-landslide-traffic-restriction.jpg"
keywords: ["Munnar", "Idukki", "Police Control Room", "Landslide", "Traffic", "Kerala Rain", "Tourist Safety"]
---

#  അങ്ങോട്ടേക്ക്  പോകാൻ സാഹസം കാണിക്കേണ്ട...; അതിശക്തമായ മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മൂന്നാറിൽ പുതിയ കൺട്രോൾ റൂം തുറന്നു 

> **Lead Summary:** **മൂന്നാർ: **കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമായ ഗതാഗതക്കുരുക്കും നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ മൂന്നാറിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഏതു സമയത്തും ആവശ്യമായ സഹായങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം.

## Article Content

**മൂന്നാർ: **കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയും രൂക്ഷമായ ഗതാഗതക്കുരുക്കും നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ മൂന്നാറിൽ പ്രത്യേക പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഏതു സമയത്തും ആവശ്യമായ സഹായങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം.

മൂന്നാർ ഡിവൈഎസ്പി എസ് ചന്ദ്രകുമാർ കൺട്രോൾ റൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിക്ഷോഭ സാധ്യതയുള്ള മലയോര മേഖലയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേഗത്തിൽ സഹായം എത്തിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 24 മണിക്കൂറും തടസ്സമില്ലാതെ പ്രവർത്തിക്കുന്ന ഈ കൺട്രോൾ റൂമിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ വീതം ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.

അത്യാഹിത ഘട്ടങ്ങളിൽ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും പൊലീസിന്റെ സേവനം ഇനിമുതൽ ഈ സംവിധാനത്തിലൂടെ എളുപ്പത്തിൽ പ്രയോജനപ്പെടുത്താം. അതേസമയം, മേഖലയിൽ മണ്ണിടിച്ചിലിനും ശക്തമായ ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുള്ളതിനാൽ സഞ്ചാരികളും പൊതുജനങ്ങളും അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായി ഒഴിവാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സഹായങ്ങൾ ആവശ്യമായി വരുന്നവർക്ക് പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്.  അതേസമയം സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. പല നദികളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദ്ദേശം നൽകി.

നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ട്

പത്തനംതിട്ട പമ്പ നദി - മടമൺ സ്റ്റേഷൻ, കോട്ടയം മണിമല നദി - പുല്ലക്കയാർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പ - മലക്കര സ്റ്റേഷനിൽ മഞ്ഞ അലർട്ടുമുണ്ട്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കാൻ തയ്യാറാവണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376014/munnar-police-control-room-opened-landslide-traffic-restriction)