---
title: "  കുറ്റ്യാടി ചുരം വഴി വിട്ടോ...! താമരശ്ശേരി ചുരത്തിൽ  ഹെവി വാഹനങ്ങൾക്ക്  പ്രവേശനമില്ല, പാൽചുരത്തിലും ഗതാഗത നിയന്ത്രണം "
english_title: "Thamarassery And Palchuram Ghat Roads Closed For Heavy Vehicles Due To Heavy Rain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376012/thamarassery-palchuram-ghat-road-traffic-restriction-heavy-rain"
published_at: "2026-08-01T16:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dcd00754f3_thamarassery-palchuram-ghat-road-traffic-restriction-heavy-rain.jpg"
keywords: ["Thamarassery Churam", "Palchuram", "Kozhikode", "Traffic Restriction", "Red Alert", "Kerala Rain"]
---

#   കുറ്റ്യാടി ചുരം വഴി വിട്ടോ...! താമരശ്ശേരി ചുരത്തിൽ  ഹെവി വാഹനങ്ങൾക്ക്  പ്രവേശനമില്ല, പാൽചുരത്തിലും ഗതാഗത നിയന്ത്രണം 

> **Lead Summary:** **കോഴിക്കോട് : **കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് ജില്ലാ കലക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചുരത്തിലെ സുരക്ഷ മുൻനിർത്തി ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ തുടങ്ങിയ ഭാരവാഹനങ്ങളുടെ പ്രവേശനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

## Article Content

**കോഴിക്കോട് : **കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് ജില്ലാ കലക്ടർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചുരത്തിലെ സുരക്ഷ മുൻനിർത്തി ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയിലറുകൾ തുടങ്ങിയ ഭാരവാഹനങ്ങളുടെ പ്രവേശനം പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

ഇത്തരം വാഹനങ്ങൾ കുറ്റ്യാടി ചുരമോ നാടുകാണി ചുരമോ വഴി പോകേണ്ടതാണ്. കൂടാതെ, വിനോദസഞ്ചാര വാഹനങ്ങൾക്കും അത്യാവശ്യമല്ലാത്ത സ്വകാര്യ വാഹനങ്ങൾക്കും വയനാട്ടിലേക്കുള്ള പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. എന്നാൽ, കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ആംബുലൻസുകൾ, ഫയർ ആൻഡ് റെസ്‌ക്യൂ വാഹനങ്ങൾ, പൊലീസ് എന്നിവയ്ക്കും ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വാഹനങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

തുടർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനങ്ങൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിനായി അടിവാരം ചെക്ക് പോസ്റ്റിൽ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടയിൽ, കണ്ണൂർ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ - പാൽചുരം റോഡിലും ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് ഞായറാഴ്ച രാവിലെ ആറു മണിവരെ ഇവിടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് - വയനാട് റൂട്ടിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376012/thamarassery-palchuram-ghat-road-traffic-restriction-heavy-rain)