---
title: "ലോകകപ്പിലെ സൂപ്പർ ഹീറോയുടെ വമ്പൻ മലക്കം മറിച്ചിൽ; ചിലിയൻ ക്ലബ്ബിനെ ഞെട്ടിച്ച് കേപ്പ് വെർദെ ഗോളി മൊറോക്കോയിലേക്ക്!"
english_title: "vozinha-colo-colo-rs-berkane-transfer-cape-verde"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/376010/vozinha-colo-colo-rs-berkane-transfer-cape-verde"
published_at: "2026-08-01T16:03:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dccc9a0b2b_vozinha-colo-colo-rs-berkane-transfer-cape-verde.jpg"
keywords: ["Vozinha", "Colo-Colo", "RS Berkane", "Cape Verde", "Transfer News", "Football"]
---

# ലോകകപ്പിലെ സൂപ്പർ ഹീറോയുടെ വമ്പൻ മലക്കം മറിച്ചിൽ; ചിലിയൻ ക്ലബ്ബിനെ ഞെട്ടിച്ച് കേപ്പ് വെർദെ ഗോളി മൊറോക്കോയിലേക്ക്!

> **Lead Summary:** സാന്റിയാഗോ: **[**ചിലിയൻ ക്ലബ്ബായ കൊളോ-കൊളോയുമായുള്ള ധാരണ തെറ്റിച്ച്, ലോകകപ്പിൽ തിളങ്ങിയ കേപ്പ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ നാടകീയ നീക്കം. ചിലിയൻ ക്ലബ്ബുമായി കരാറിലൊപ്പിടാതെ അവസാന നിമിഷം മൊറോക്കൻ ക്ലബ്ബായ ആർ.എസ്. ബെർക്കെയ്നിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ 40-കാരൻ.

## Article Content

സാന്റിയാഗോ: **[**ചിലിയൻ ക്ലബ്ബായ കൊളോ-കൊളോയുമായുള്ള ധാരണ തെറ്റിച്ച്, ലോകകപ്പിൽ തിളങ്ങിയ കേപ്പ് വെർദെ ഗോൾകീപ്പർ വൊസീഞ്ഞയുടെ നാടകീയ നീക്കം. ചിലിയൻ ക്ലബ്ബുമായി കരാറിലൊപ്പിടാതെ അവസാന നിമിഷം മൊറോക്കൻ ക്ലബ്ബായ ആർ.എസ്. ബെർക്കെയ്നിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ഈ 40-കാരൻ.

വൊസീഞ്ഞയെ ടീമിലെത്തിച്ചതായി കൊളോ-കൊളോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, താരം നിയമപരമായ കരാറിൽ ഒപ്പുവെച്ചിരുന്നില്ല. ഈ സാങ്കേതികത്വം മുതലെടുത്താണ് ആഫ്രിക്കൻ ക്ലബ്ബിന്റെ വാഗ്ദാനം സ്വീകരിച്ച് വൊസീഞ്ഞ മൊറോക്കൻ ക്ലബ്ബിലേക്ക് പോകുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ 'മാർക്ക' റിപ്പോർട്ട് ചെയ്യുന്നു.

കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുന്നതിന് മുൻപ് തന്നെ വൊസീഞ്ഞയെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ച ചിലിയൻ ക്ലബ്ബിന് താരത്തിന്റെ അവസാന നിമിഷത്തെ മലക്കംമറിച്ചിൽ വലിയ നാണക്കേടായി. പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകൾക്കിടെ സംഭവിച്ച ഈ വീഴ്ച വലിയ മാധ്യമ വിമർശനങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. 2026 ലോകകപ്പിൽ കേപ്പ് വെർദെയ്ക്കായി സ്പെയിൻ, ഉറുഗ്വേ, അർജന്റീന തുടങ്ങിയ കരുത്തർക്കെതിരെ വൊസീഞ്ഞ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന്റെ ഡിമാൻഡ് കുത്തനെ കൂട്ടിയത്.

മൊറോക്കൻ ക്ലബ്ബായ ആർ.എസ്. ബെർക്കെയുടെ പരിശീലകനായി അടുത്തിടെ ചുമതലയേറ്റ കേപ്പ് വെർദെയുടെ മുൻ കോച്ച് ബുബിസ്റ്റയുടെ ഫോൺ കോളാണ് വൊസീഞ്ഞയുടെ തീരുമാനം മാറ്റിമറിച്ചത്. ലോകകപ്പിൽ തങ്ങളെ നയിച്ച കോച്ചിനൊപ്പം വീണ്ടും ഒന്നിക്കാമെന്നതും, ടീമിലെ ഒന്നാം നമ്പർ ഗോൾകീപ്പർ പദവിയും വൻ തുക പ്രതിഫലമായി ലഭിക്കുമെന്നതും കണക്കിലെടുത്താണ് വൊസീഞ്ഞ ചിലിയൻ ക്ലബ്ബിനെ വേണ്ടെന്നുവെച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/376010/vozinha-colo-colo-rs-berkane-transfer-cape-verde)