---
title: "'മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം'; മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി"
english_title: " Kerala Rains: CM VD Satheesan Orders Ministers to Camp in Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375994/kerala-rain-alert-cm-satheesan-ministers-camp-5-dead"
published_at: "2026-08-01T15:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc5583f090_kerala-rain-alert-cm-satheesan-ministers-camp-5-dead.jpg"
keywords: ["Kerala Rains", "Red Alert", "VD Satheesan", "Flood", "Landslide"]
---

# 'മന്ത്രിമാർ ജില്ലകളിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം'; മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നതതല യോഗം ചേർന്നു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ മഴക്കെടുതി സാഹചര്യം വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉന്നതതല യോഗം ചേർന്നു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് ജില്ലകളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

തിരുവനന്തപുരത്ത് സി.പി. ജോണും പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥും കോട്ടയത്ത് മോൻസ് ജോസഫും ഇടുക്കിയിൽ അനൂപ് ജേക്കബും ക്യാമ്പ് ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവഹിക്കും.

മഴക്കെടുതി രൂക്ഷമായ മേഖലകളിലെ എംഎൽഎമാരുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാർക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാനും നിർദേശം നൽകി.

രണ്ടുപേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയിൽ കോസ്റ്റ് ഗാർഡിന്റെ വെസൽ ഉൾക്കടലിൽ തിരച്ചിൽ നടത്തുന്നുണ്ട്. മറൈൻ എൻഫോഴ്സ്മെന്റ് സംഘവും സ്ഥലത്തുണ്ട്.

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയിൽ ഇന്ന് അഞ്ച് ജീവനുകളാണ് നഷ്ടമായത്.

**പൂഞ്ഞാർ പയ്യാനിത്തോട്ടം: **വീട് ഇടിഞ്ഞ് അമ്മയും മകനും മരിച്ചു.

**ഇടുക്കി കോലാഹലമേട്:** വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വൈക്കം സ്വദേശി മരിച്ചു.

**അടൂർമല: **വീട്ടമ്മ മരിച്ചു.

**മലപ്പുറം കൊണ്ടോട്ടി: **നാല് വയസുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.

**കോട്ടയം വാകത്താനം ചക്കൻചിറ: **വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു.

വരും മണിക്കൂറുകളിലും അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ ഒമ്പത് ജില്ലകളിൽ കനത്ത ജാഗ്രതയാണ് നിലനിൽക്കുന്നത്. വയനാട്ടിലും മഴ കനക്കുകയാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.

**അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം**

**റെഡ് അലർട്ട്**

01/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

**ഓറഞ്ച് അലർട്ട്**

01/08/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

**മഞ്ഞ അലർട്ട്**

02/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375994/kerala-rain-alert-cm-satheesan-ministers-camp-5-dead)