---
title: "സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ അപകടം; കോട്ടയത്ത്  വെള്ളക്കെട്ടില്‍ വീണ് 11കാരന്‍ മരിച്ചു"
english_title: "11-Year-Old Boy Drowns In Water Pit At Vakathanam, Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375989/kottayam-vakathanam-11-year-old-boy-drowns-water-pit-jaljeevan-mission-"
published_at: "2026-08-01T15:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc27d5286e_kottayam-vakathanam-11-year-old-boy-drowns-water-pit-jaljeevan-mission-.jpg"
keywords: ["Kottayam", "Vakathanam", "Child Death", "Drowning", "Jal Jeevan Mission", "Kerala Rain"]
---

# സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ അപകടം; കോട്ടയത്ത്  വെള്ളക്കെട്ടില്‍ വീണ് 11കാരന്‍ മരിച്ചു

> **Lead Summary:** **കോട്ടയം: **കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജുവാണ് മരണപ്പെട്ടത്. വീടിന് സമീപം ജൽജീവൻ മിഷന്റെ വാട്ടർ ടാങ്കിനായി എടുത്ത വലിയ കുഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടി വീണത്. സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.

## Article Content

**കോട്ടയം: **കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരൻ ദാരുണമായി മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജുവാണ് മരണപ്പെട്ടത്. വീടിന് സമീപം ജൽജീവൻ മിഷന്റെ വാട്ടർ ടാങ്കിനായി എടുത്ത വലിയ കുഴിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് കുട്ടി വീണത്. സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ദുരന്തം സംഭവിച്ചത്.

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു മിലൻ. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഴിയിലെ വെള്ളത്തിൽ നിന്നും കണ്ടെത്തുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടിവെള്ള പദ്ധതിയുടെ പേരിൽ എടുത്ത അപകടകരമായ കുഴികൾ മൂടാത്തതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരൻ മരിച്ചു.

കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ടാണ് ആദം അയ്മൻ ( 4) മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. ഇന്ന് വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തോട്ടിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തിയത്.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിലാണ് ഈ ദാരുണ സംഭവം. താഴ്ന്ന പ്രദേശങ്ങളിലും തോടുകളിലും വെള്ളം ഉയരുന്നതിനാൽ ചെറിയ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375989/kottayam-vakathanam-11-year-old-boy-drowns-water-pit-jaljeevan-mission-)