---
title: " അതിദാരുണം; ജർമ്മനിയിൽ ഹൈൽബ്രോണിലെ തടാകത്തിൽ നീന്താനിറങ്ങിയ മലയാളി എൻജിനീയർ മുങ്ങിമരിച്ചു"
english_title: "Malayali Engineer Rahul Narayanan Drowns In Germany, Body To Be Brought Home Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375987/germany-heilbronn-malayali-rahul-narayanan-drowns-body-repatriated"
published_at: "2026-08-01T15:13:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dc0a8d6c59_germany-heilbronn-malayali-rahul-narayanan-drowns-body-repatriated.jpg"
keywords: ["Germany", "Heilbronn", "Malayali Death", "Drowning", "Rahul Narayanan", "Bosch", "Kodungallur"]
---

#  അതിദാരുണം; ജർമ്മനിയിൽ ഹൈൽബ്രോണിലെ തടാകത്തിൽ നീന്താനിറങ്ങിയ മലയാളി എൻജിനീയർ മുങ്ങിമരിച്ചു

> **Lead Summary:** **ഓബർസുൽ: **ജർമ്മനിയിലെ ഹൈൽബ്രോണിലുള്ള ബ്രൈറ്റൻഔവർ തടാകത്തിൽ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ ലോകമലേശ്വരം മാളക്കാരൻ ഉണ്ണികൃഷ്ണന്റെയും ദയയുടെയും മകനും കോയമ്പത്തൂരിലെ ബോഷ് കമ്പനിയിലെ എൻജിനീയറുമായ രാഹുൽ നാരായണൻ ആണ് ദാരുണമായി മരിച്ചത്.

## Article Content

**ഓബർസുൽ: **ജർമ്മനിയിലെ ഹൈൽബ്രോണിലുള്ള ബ്രൈറ്റൻഔവർ തടാകത്തിൽ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കൊടുങ്ങല്ലൂർ ലോകമലേശ്വരം മാളക്കാരൻ ഉണ്ണികൃഷ്ണന്റെയും ദയയുടെയും മകനും കോയമ്പത്തൂരിലെ ബോഷ് കമ്പനിയിലെ എൻജിനീയറുമായ രാഹുൽ നാരായണൻ ആണ് ദാരുണമായി മരിച്ചത്.

ഭാര്യയോടൊപ്പം ജോലി സംബന്ധമായ ഡപ്യൂട്ടേഷനിൽ ഹൈൽബ്രോണിൽ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ 24 വെള്ളിയാഴ്ച വൈകുന്നേരമാണ് രാഹുൽ തടാകത്തിൽ നീന്താനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിതാഴ്ന്ന അദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവർ കരയിലെത്തിച്ച് പ്രഥമശുശ്രൂഷയും സിപിആറും നൽകി.

തുടർന്ന് പാരാമെഡിക്സ് സംഘം എസ്എൽകെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീരത്തോട് ചേർന്ന് ആഴമില്ലാത്ത മേഖലയിലായിരുന്നിട്ടും രാഹുൽ അപകടത്തിൽപ്പെട്ടത് എങ്ങനെയെന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യ വർഷ പുല്ലൂർ, സഹോദരൻ ആദിത്യ എന്നിവരാണ് കുടുംബാംഗങ്ങൾ. ബോഷ് കമ്പനിയുടെയും ജർമ്മനിയിലെ ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലിയുടെയും നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇന്ന് രാത്രി 10 മണിയോടെ മൃതദേഹം നാട്ടിൽ സംസ്കരിക്കും.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375987/germany-heilbronn-malayali-rahul-narayanan-drowns-body-repatriated)