---
title: "മഴക്കാലത്തെ വയറിന്റെ കൂട്ടുകാരൻ  ചുടുചൂടൻ  നെയ്യ് മണക്കും കിചടി! "
english_title: "Dal Khichdi Recipe Monsoon Comfort Food Easy Indian Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375983/dal-khichdi-recipe-monsoon-comfort-food-malayalam"
published_at: "2026-08-01T15:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dbf3124737_dal-khichdi-recipe-monsoon-comfort-food-malayalam.jpg"
keywords: ["Dal Khichdi", "Monsoon Recipe", "Comfort Food", "Indian Recipe", "Easy Cooking", "Healthy Food"]
---

# മഴക്കാലത്തെ വയറിന്റെ കൂട്ടുകാരൻ  ചുടുചൂടൻ  നെയ്യ് മണക്കും കിചടി! 

> **Lead Summary:** **[** ജനലരികിൽ തണുത്ത കാറ്റും മഴത്തുള്ളികളും പെയ്തിറങ്ങുമ്പോൾ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് നല്ല ചൂടോടെ വയറു നിറയ്ക്കാൻ പറ്റിയ ലളിതമായ ചില വിഭവങ്ങളാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥ അല്പം മന്ദഗതിയിലാകാൻ സാധ്യതയുള്ളതിനാൽ അധികം എണ്ണമയമില്ലാത്തതും എന്നാൽ പോഷകസമ്പന്നവുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

## Article Content

**[** ജനലരികിൽ തണുത്ത കാറ്റും മഴത്തുള്ളികളും പെയ്തിറങ്ങുമ്പോൾ മനസ്സും ശരീരവും ആഗ്രഹിക്കുന്നത് നല്ല ചൂടോടെ വയറു നിറയ്ക്കാൻ പറ്റിയ ലളിതമായ ചില വിഭവങ്ങളാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥ അല്പം മന്ദഗതിയിലാകാൻ സാധ്യതയുള്ളതിനാൽ അധികം എണ്ണമയമില്ലാത്തതും എന്നാൽ പോഷകസമ്പന്നവുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

അങ്ങനെയൊരു മഴദിനത്തിൽ ചുടുചൂടോടെ കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച വിഭവമാണ് പരിപ്പ് കിചടി (Dal Khichdi). നെയ്യുടെ മണവും ഇഞ്ചിയുടെയും കുരുമുളകിന്റെയും എരിവും ചേരുമ്പോൾ രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും കിചടിയെ വെല്ലാൻ മറ്റൊന്നില്ല. മഴയത്ത് കഴിക്കാൻ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കിചടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ (Ingredients)

പച്ചരി അല്ലെങ്കിൽ ജീരകശാല അരി: 1 കപ്പ്

ചെറുപയർ പരിപ്പ് (Moong Dal): ½ കപ്പ്

നെയ്യ്: 2 ടേബിൾ സ്പൂൺ

കടുക്: ½ ടീസ്പൂൺ

ജീരകം: 1 ടീസ്പൂൺ

ഇഞ്ചി (പൊടിയായി അരിഞ്ഞത്): 1 ടീസ്പൂൺ

പച്ചമുളക്: 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

വറ്റൽ മുളക്: 2 എണ്ണം

കായപ്പൊടി: ഒരു നുള്ളു

മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ

കറിവേപ്പില: ആവശ്യത്തിന്

വെള്ളം: 4 മുതൽ 4.5 കപ്പ് വരെ

ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

അരിയും ചെറുപയർ പരിപ്പും നന്നായി കഴുകിയെടുക്കുക. (വേണമെങ്കിൽ പരിപ്പ് ചെറുതായി ഒന്ന് വറുത്തെടുക്കാം, ഇത് നല്ല മണം നൽകും). കഴുകിയ അരിയും പരിപ്പും 15-20 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുന്നത് നല്ലതാണ്.

ഒരു പ്രഷർ കുക്കർ അടുപ്പിൽ വെച്ച് 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടാവുമ്പോൾ കടുകും ജീരകവും ഇട്ട് പൊട്ടിക്കുക.ഇതിലേക്ക് വറ്റൽ മുളക്, അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് കുറച്ചു സമയം വഴറ്റുക.

തീയണച്ച്/തീ കുറച്ചു വെച്ച ശേഷം മഞ്ഞൾപ്പൊടിയും കായപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക. ഇനി കുതിർത്തു വെച്ചിരിക്കുന്ന അരിയും പരിപ്പും വെള്ളം ഊറ്റിക്കളഞ്ഞ ശേഷം കുക്കറിലേക്ക് ഇടുക. നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് 4 മുതൽ 4.5 കപ്പ് വരെ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക (കിചടി അൽപ്പം കുഴഞ്ഞ പരുവത്തിൽ കിട്ടാനാണ് കൂടുതൽ വെള്ളം ചേർക്കുന്നത്). കുക്കർ അടച്ചു വെച്ച് മിതമായ തീയിൽ 3 മുതൽ 4 വിസിൽ വരുന്നത് വരെ വേവിക്കുക. കുക്കറിലെ പ്രഷർ മുഴുവൻ പോയതിനു ശേഷം മാത്രം തുറക്കുക. കിചടി നന്നായി ഇളക്കി യോജിപ്പിക്കുക. മുകളിൽ അല്പം കൂടി പച്ച നെയ്യ് ഒഴിച്ചു കൊടുക്കുന്നത് രുചി കൂട്ടും.

 പപ്പടം, അച്ചാർ, തൈര് അല്ലെങ്കിൽ ചമ്മന്തി എന്നിവയ്‌ക്കൊപ്പം കഴിക്കാൻ ഈ ചൂട് കിചടി വളരെ മികച്ചതാണ്. വേണമെങ്കിൽ കാരറ്റ്, ബീൻസ്, പച്ചപ്പട്ടാണി തുടങ്ങിയ പച്ചക്കറികളും അരിയോടൊപ്പം ചേർത്ത് ഉണ്ടാക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375983/dal-khichdi-recipe-monsoon-comfort-food-malayalam)