---
title: "നദികളിൽ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതയിൽ കേരളം,  തൃശൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട് "
english_title: "Kerala Rain Havoc: 6 Dead Today, Red Alert In 9 Districts As Heavy Rain Continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375976/kerala-rain-6-dead-today-red-alert-9-districts-heavy-rain-warning-"
published_at: "2026-08-01T14:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db908028be_kerala-rain-6-dead-today-red-alert-9-districts-heavy-rain-warning.jpg"
keywords: ["Kerala Rain", "Red Alert", "Death Toll", "Idukki", "Kottayam", "Malappuram", "Landslide", "IMD Warning"]
---

# നദികളിൽ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രതയിൽ കേരളം,  തൃശൂർ ഉൾപ്പെടെ ഒൻപത് ജില്ലകളിൽ റെഡ് അലേർട്ട് 

> **Lead Summary:** **തിരുവനന്തപുരം : ** സംസ്ഥാനത്ത് കനത്ത മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഇന്ന് ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അമ്മയും മകനും ദാരുണമായി മരിച്ചു.

## Article Content

**തിരുവനന്തപുരം : ** സംസ്ഥാനത്ത് കനത്ത മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടയിൽ വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഇന്ന് ആറുപേരുടെ ജീവനാണ് പൊലിഞ്ഞത്. കോട്ടയം പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അമ്മയും മകനും ദാരുണമായി മരിച്ചു.

ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശിയും അടൂർമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മറ്റൊരു വീട്ടമ്മയും ജീവൻ വെടിഞ്ഞു. മലപ്പുറം കൊണ്ടോട്ടിയിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാല് വയസുകാരനും കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് പതിനൊന്ന് വയസ്സുകാരനും മരണമടഞ്ഞു.

വരും മണിക്കൂറുകളിലും സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചതോടെ നിലവിൽ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലാണ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

വയനാട്ടിലും മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്ന പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 

**നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ട്**

പത്തനംതിട്ട പമ്പ നദി - മടമൺ സ്റ്റേഷൻ, കോട്ടയം മണിമല നദി - പുല്ലക്കയാർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പ - മലക്കര സ്റ്റേഷനിൽ മഞ്ഞ അലർട്ടുമുണ്ട്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കാൻ തയ്യാറാവണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375976/kerala-rain-6-dead-today-red-alert-9-districts-heavy-rain-warning-)