---
title: "'2018ലെ പ്രളയത്തിൽ നിന്ന് ഒന്നും പഠിച്ചില്ല, മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്, ആവശ്യമെങ്കിൽ കുട്ടവഞ്ചികൾ എത്തിക്കും' - എംഎൽഎ മധു "
english_title: "Pathanamthitta Ranni Flood Pampa River Waterlogging 2018 Like Situation MLA Madhu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375970/pathanamthitta-ranni-flood-pampa-river-waterlogging-mla-madhu"
published_at: "2026-08-01T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db6304bf97_pathanamthitta-ranni-flood-pampa-river-waterlogging-mla-madhu.jpg"
keywords: ["Kerala Rain", "Pathanamthitta", "Ranni", "Pampa River", "Flood", "Rescue", "MLA Madhu"]
---

# '2018ലെ പ്രളയത്തിൽ നിന്ന് ഒന്നും പഠിച്ചില്ല, മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്, ആവശ്യമെങ്കിൽ കുട്ടവഞ്ചികൾ എത്തിക്കും' - എംഎൽഎ മധു 

> **Lead Summary:** **പത്തനംതിട്ട: ** ജില്ലയിലെ മലയോര മേഖലകളിൽ പെയ്ത അതിശക്തമായ മഴയിൽ റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടു. പമ്പയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്നതാണ് കാരണം. ഒറ്റരാത്രി കൊണ്ടാണ് റാന്നിയുടെ സ്ഥിതി മാറിമറിഞ്ഞത്. റാന്നി - വടശ്ശേരിക്കര റോഡ് പൂർണമായും വെള്ളത്തിലായി.

## Article Content

**പത്തനംതിട്ട: ** ജില്ലയിലെ മലയോര മേഖലകളിൽ പെയ്ത അതിശക്തമായ മഴയിൽ റാന്നി ടൗൺ പൂർണമായും ഒറ്റപ്പെട്ടു. പമ്പയാറിൽ ജലനിരപ്പ് അതിവേഗം ഉയരുന്നതാണ് കാരണം. ഒറ്റരാത്രി കൊണ്ടാണ് റാന്നിയുടെ സ്ഥിതി മാറിമറിഞ്ഞത്. റാന്നി - വടശ്ശേരിക്കര റോഡ് പൂർണമായും വെള്ളത്തിലായി.

ടൗണിലെ കടകളിലും വീടുകളിലും വെള്ളം കയറി. പലയിടത്തും അരപ്പൊക്കത്തിലാണ് വെള്ളം. മേഖലയിലെ വൈദ്യുതി പൂർണമായും വിച്ഛേദിച്ചു. വെള്ളം വീടുകളിലേക്ക് കയറിയതോടെ മുകൾ നിലയിലും മറ്റും അഭയം തേടിയവരെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

> ഒറ്റപ്പെട്ടവരെ ഡിങ്കി ബോട്ടുകളിലാണ് രക്ഷപ്പെടുത്തുന്നത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്."2018ലെ പ്രളയത്തിന് സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. പുലർച്ചെ 1:30ഓടെയാണ് സാഹചര്യം ഗുരുതരമാണെന്ന് മനസിലായത്. അരമണിക്കൂറിനുള്ളിൽ എല്ലായിടത്തും വെള്ളം കയറി" എന്ന് പ്രദേശവാസികൾ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ടെന്ന് പഴകുളം മധു എം എൽ എ പറഞ്ഞു.

> "പമ്പയാറിലെ മണലും ചെളിയും കൃത്യമായി നീക്കം ചെയ്യാത്തതാണ് പ്രശ്നം. 2018ലെ പ്രളയത്തിൽ നിന്ന് ഒന്നും പഠിച്ചില്ല. അനധികൃത മണ്ണ് ഖനനം നിരോധിക്കണം. ഡാമുകളിലെ ചെളിയും നീക്കണം" - എം എൽ എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ആവശ്യമെങ്കിൽ കുട്ടവഞ്ചികൾ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

> വെള്ളം ഇനിയും ഒന്നര അടിയോളം ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ ആശങ്ക. "ഞങ്ങളുടെ വീടിന് സമീപം വെള്ളം അൽപം ഇറങ്ങുന്നുണ്ട്. പക്ഷേ ടൗണിൽ ഇനിയും ഉയരും. അതിന് ശേഷമേ താഴാൻ തുടങ്ങൂ. ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല" - ഒരു വ്യാപാരി പറഞ്ഞു. റാന്നി ടൗണിലെ പല ഭാഗങ്ങളും പൂർണമായും വെള്ളത്തിനടിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375970/pathanamthitta-ranni-flood-pampa-river-waterlogging-mla-madhu)