---
title: "'ആരും ഒറ്റപ്പെട്ടു പോകരുത്'....മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം ആഹ്വാനം"
english_title: "CPI(M) Kerala Calls Party Workers for Flood Relief and Rescue Operations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375969/kerala-rain-flood-cpi-m-relief-rescue-works"
published_at: "2026-08-01T14:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6db679b3a6f_kerala-rain-flood-cpi-m-relief-rescue-works.jpg"
keywords: ["Kerala Rain", "Flood", "CPI(M)", "Relief Camp", "Rescue Operation"]
---

# 'ആരും ഒറ്റപ്പെട്ടു പോകരുത്'....മഴക്കെടുതി: രക്ഷാപ്രവർത്തനത്തിന് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം ആഹ്വാനം

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.

അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും പാലിച്ച് പൊതുജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു. ദുരിതബാധിതർക്ക് ഭക്ഷണവും കുടിവെള്ളവും അവശ്യവസ്തുക്കളും ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും നിർദേശിച്ചു.

ദുരിതമേഖലകളിൽ ആരും ഒറ്റപ്പെട്ട് പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ലെന്ന് ഉറപ്പാക്കാൻ പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് സിപിഐ എം വ്യക്തമാക്കി. വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ഭീഷണിയുള്ള സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ പാർടി പ്രവർത്തകർ നേരത്തെ തന്നെ രക്ഷാപ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നുണ്ട്.

അപകടഭീഷണിയുള്ള മേഖലകളിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് പാർടി പ്രവർത്തകർ ഉറപ്പാക്കണമെന്നും സെക്രട്ടറിയേറ്റ് പറഞ്ഞു.

മഴ ഒഴിയുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്ത് ശുചീകരണ പ്രവർത്തനങ്ങൾക്കും പാർടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രവർത്തകർ മുൻകൈ എടുക്കണമെന്ന് നേതൃത്വം നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375969/kerala-rain-flood-cpi-m-relief-rescue-works)