---
title: "സൂക്ഷിക്കണം ... വെള്ളത്തിൽ ഇറങ്ങരുത്! നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ"
english_title: "Kerala Rain Red Alert 8 Districts River Orange Alert Deaths"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375961/kerala-rain-red-alert-8-districts-river-orange-alert"
published_at: "2026-08-01T14:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6daf537f5a5_kerala-rain-red-alert-8-districts-river-orange-alert.jpg"
keywords: ["Kerala Rain", "Red Alert", "Orange Alert", "Pampa River", "Manimala River"]
---

# സൂക്ഷിക്കണം ... വെള്ളത്തിൽ ഇറങ്ങരുത്! നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; ഓറഞ്ച് യെല്ലോ അലർട്ടുകളുള്ള നദികളുടെ വിവരങ്ങൾ

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. പല നദികളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദ്ദേശം നൽകി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. പല നദികളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ നിർദ്ദേശം നൽകി.

**നദികളിൽ ഓറഞ്ച്/മഞ്ഞ അലർട്ട്**

പത്തനംതിട്ട പമ്പ നദി - മടമൺ സ്റ്റേഷൻ, കോട്ടയം മണിമല നദി - പുല്ലക്കയാർ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട പമ്പ - മലക്കര സ്റ്റേഷനിൽ മഞ്ഞ അലർട്ടുമുണ്ട്. ഈ നദികളുടെ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കാൻ തയ്യാറാവണം.

**8 ജില്ലകളിൽ റെഡ് അലർട്ട്**

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഇന്നലെ രാത്രി പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളിൽ അതിതീവ്ര മഴയാണ് ലഭിച്ചത്.

**മഴക്കെടുതിയിൽ 6 മരണം**

കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ 4 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് ഇടിഞ്ഞ് 24കാരൻ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിലെ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതി മരിച്ചു. ഇടുക്കി കോലാഹലമേട്ടിൽ വീടിന് മുകളിൽ മണ്ണ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് 4 വയസുകാരൻ ആദം അയ്മൻ മരിച്ചു.

വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കവേ മാഞ്ഞൂർ സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു. കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യത്തിൽ കൺട്രോൾ റൂമുകളുമായി ബന്ധപ്പെടണമെന്നും സർക്കാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375961/kerala-rain-red-alert-8-districts-river-orange-alert)