---
title: "'കോമാളിയെപ്പോലെ പെരുമാറി, അതിന്റെ അമർഷത്തിലാണ് കുട്ടിയെ തല്ലിയത് പക്ഷേ...'; വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ "
english_title: "Thrissur Teacher Beats 9th Class Student Varavur School Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/375956/thrissur-teacher-beats-student-varavur-school-case"
published_at: "2026-08-01T13:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dacb585f39_thrissur-teacher-beats-student-varavur-school-case.jpg"
keywords: ["Thrissur", "Varavur School", "Teacher", "Student Beaten", "Child Protection"]
---

# 'കോമാളിയെപ്പോലെ പെരുമാറി, അതിന്റെ അമർഷത്തിലാണ് കുട്ടിയെ തല്ലിയത് പക്ഷേ...'; വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ 

> **Lead Summary:** **തൃശ്ശൂർ: ** വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ മണികണ്ഠൻ. തന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചുവെന്നും അത് പെട്ടെന്നുണ്ടായ വികാരപ്രകടനമാണെന്നും അധ്യാപകൻ പറഞ്ഞു.

## Article Content

**തൃശ്ശൂർ: ** വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപകൻ മണികണ്ഠൻ. തന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചുവെന്നും അത് പെട്ടെന്നുണ്ടായ വികാരപ്രകടനമാണെന്നും അധ്യാപകൻ പറഞ്ഞു.

കാഴ്ചപരിമിതിയുള്ള തന്നോട് കുട്ടികൾ കോമാളിയെപ്പോലെ പെരുമാറിയതിലുണ്ടായ ദേഷ്യവും സങ്കടവുമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്നാണ് മണികണ്ഠന്റെ വിശദീകരണം. ക്ലാസെടുക്കുന്നതിനിടെ വിദ്യാർഥി ഡെസ്കിനു മുകളിൽ കയറി ഇരുന്നതായി മറ്റൊരു അധ്യാപിക പറഞ്ഞപ്പോഴാണ് കാര്യം അറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

> "കാഴ്ചപരിമിതി മൂലം തനിക്ക് അത് കാണാൻ കഴിഞ്ഞില്ല. എന്റെ പരിമിതി മുതലെടുത്ത് വിദ്യാർഥികൾ ഇത്തരത്തിൽ പലതും ചെയ്യുന്നുണ്ടാകാമെന്ന ചിന്ത അപ്പോൾ വന്നു. അതിന്റെ അമർഷത്തിലാണ് കുട്ടിയെ തല്ലിയത്. പക്ഷേ അത് സംഭവിക്കാൻ പാടില്ലാത്ത തെറ്റായിരുന്നു" - മണികണ്ഠൻ പറഞ്ഞു.

എന്നാൽ വിദ്യാർഥിയുടെ പിതാവ് ആരോപിക്കുന്നത് മറ്റൊരു കാര്യമാണ്. താഴെ വീണുപോയ പേനയുടെ അടപ്പ് എടുക്കാൻ ബെഞ്ചിൽ നിന്ന് എത്തിനോക്കിയതിനാണ് മകനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതെന്ന് പിതാവ് പറഞ്ഞു. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

അധ്യാപകൻ മുൻപും വിദ്യാർഥികൾക്ക് നേരെ സമാന മർദ്ദനമുറകൾ പ്രയോഗിച്ചിട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.സംഭവത്തിൽ ചെറുതുരുത്തി പൊലീസ് അധ്യാപകനെതിരെ കേസെടുത്തു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഇടപെടുകയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് റിപ്പോർട്ട് തേടുകയും ചെയ്തു.കുട്ടികൾക്കെതിരായ ശാരീരിക ശിക്ഷ സ്കൂളുകളിൽ നിരോധിച്ചതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/375956/thrissur-teacher-beats-student-varavur-school-case)